ബംഗളൂരുവിൽനിന്ന് 312 കിലോമീറ്റർ അകലെയാണ് ഖനികളുടെ നാടായ ബെല്ലാരി മേഖല. അവിടെ കനത്ത മഴയിലും ആവേശമായി രാഹുൽഗാന്ധി. കൽബുർഗിയിൽ നടന്ന പരിപാടിക്കിടെ പെയ്ത കനത്ത മഴയിലും രാഹുൽ പ്രസംഗം തുടർന്നു. ഓപറേഷൻ താമരയിലൂടെ 2019ൽ ബി.ജെ.പിക്ക് അധികാരം പിടിക്കുന്നതിന് കോടികൾ വാരിയെറിഞ്ഞ ജനാർദന റെഡ്ഡിയുടെ നാടായ ഇവിടം ഇത്തവണ ബി.ജെ.പിക്ക് ജനാർദന റെഡ്ഡിയിൽ നിന്നുതന്നെ കനത്ത ഭീഷണിയാണ്. ഈയിടെ ബി.ജെ.പി വിട്ട് സ്വന്തമായി രൂപവത്കരിച്ച റെഡ്ഡിയുടെ ‘കല്ല്യാണ രാജ്യ പ്രഗതി പക്ഷ’ പാർട്ടി ഇത്തവണ ബി.ജെ.പി വോട്ടുകൾ ഭിന്നിപ്പിക്കുമെന്നാണ് പൊതുഅഭിപ്രായം. ബെല്ലാരി ടി.ബി ജങ്ഷനിൽനിന്ന് വൈകുന്നേരം അഞ്ചോടെയാണ് രാഹുലിന്റെ റോഡ് ഷോ തുടങ്ങിയത്. ബെല്ലാരിയിൽനിന്ന് ഹെലികോപ്റ്ററിൽ അദ്ദേഹം എത്തിയപ്പോൾതന്നെ ജനം ആവേശത്തിലായി. സ്ത്രീകളുടെയും കുട്ടികളുടെയും വൻപങ്കാളിത്തമാണ് പരിപാടിയിലുടനീളം ഉണ്ടായിരുന്നത്. മൂന്നരകിലോമീറ്റർ റോഡ് ഷോക്ക് ശേഷമായിരുന്നു ബെല്ലാരി നഗരത്തിൽ പൊതുസമ്മേളനം. കർണാടകയിൽ കോൺഗ്രസ് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ആദ്യമന്ത്രിസഭാ യോഗത്തിൽതന്നെ നടപ്പാക്കുമെന്ന് പറഞ്ഞു. ഇതിനായി കോൺഗ്രസിന് 150ലധികം സീറ്റുകൾ നൽകണം. സ്ത്രീകൾക്ക് ബസുകളിൽ സൗജന്യയാത്ര, വീടുകളിൽ സൗജന്യ വൈദ്യുതി, ബിരുദധാരികൾക്കും ഡിപ്ലോമ ധാരികൾക്കും മാസം ധനസഹായം, സൗജന്യ അരി തുടങ്ങിയ വാഗ്ദാനങ്ങൾ നടപ്പാക്കും.
ബെല്ലാരിയിൽ ലോകനിലവാരത്തിലുള്ള ജീൻസ് ഫാക്ടറി സ്ഥാപിക്കും. ബി.ജെ.പി സർക്കാർ സകല മേഖലയിലും അഴിമതി നടത്തി കർണാടകയെ ഊറ്റി. 40 ശതമാനം കമീഷൻ സർക്കാറാണ് ബി.ജെ.പിയുടേത്. മുഖ്യമന്ത്രിക്കസേര തന്നെ ബി.ജെ.പി വിൽപന നടത്തി. ജാതിയുടേയും മതത്തിന്റേയും പേരിൽ ജനങ്ങളെ കേന്ദ്രസർക്കാർ വിഭജിച്ചു. ഒരു തരത്തിലുള്ള വാഗ്ദാനവും മോദി നടപ്പാക്കിയില്ല. അധികാരം കിട്ടിയാൽ നിശ്ചിത തുക എല്ലാ പൗരൻമാരുടെയും അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നായിരുന്നു മോദി പറഞ്ഞത്. എന്നാൽ ഒരു രൂപ പോലും ആർക്കും കിട്ടിയില്ല. എന്നാൽ, കോൺഗ്രസ് നൽകിയ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കാനുള്ളതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രസംഗത്തിനിടെ മഴ തുടങ്ങിയെങ്കിലും രാഹുൽ പ്രസംഗം നിർത്തിയില്ല. അമ്മ സോണിയ 99 ലോകസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച, കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ബെല്ലാരിയിൽ രാഹുലിന്റെ റോഡ് ഷോ ആവേശത്തിരയിളക്കമുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.