ബംഗളൂരു: ഉത്സവ സീസണുകളിൽ അവസാന നിമിഷം സ്പെഷൽ സർവിസുകൾ പ്രഖ്യാപിക്കുകയെന്ന പതിവ് തെറ്റിക്കാതെ റെയിൽവേ. ക്രിസ്മസ്, പുതുവർഷ അവധി കണക്കിലെടുത്ത് 24ന് രാത്രി ബംഗളൂരുവിൽ നിന്നും കൊച്ചുവേളിയിലേക്ക് സ്പെഷൽ സർവിസ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പുറപ്പെടേണ്ട സർവിസ് തിങ്കളാഴ്ചയാണ് അനുവദിച്ചത്.
ബയ്യപ്പനഹള്ളി ടെർമിനലിൽ നിന്നും ചൊവ്വാഴ്ച വൈകീട്ട് 3.50ന് പുറപ്പെടുന്ന ട്രെയിൻ (06558) കെ.ആർ പുരം - 4.01, ബംഗാരപ്പേട്ട് - 4.33, സേലം - 8.32, പാലക്കാട് - 12.05, എറണാകുളം - 3.30, കോട്ടയം - 4.45നും അടുത്ത ദിവസം രാവിലെ 10.50ന് കൊച്ചുവേളിയിലുമെത്തും.
ക്രിസ്മസ് ദിവസം കൊച്ചുവേളിയിൽനിന്ന് ഉച്ചക്ക് 12.35ന് പുറപ്പെടുന്ന ട്രെയിൻ (06558) അടുത്ത ദിവസം രാവിലെ അഞ്ചിന് ബയ്യപ്പനഹള്ളിയിലെത്തും. 3 എ.സി ത്രീടയർ, 3 സ്ലീപ്പർ, 9 ജനറൽ കോച്ചുകളാണ് ട്രെയിനിലുള്ളത്. സ്പെഷൽ സർവിസുകൾ നേരത്തേ പ്രഖ്യാപിക്കണമെന്ന് യാത്രക്കാർ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്.
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലേക്കുള്ള ട്രെയിനുകളിൽ കനത്ത തിരക്കാണനുഭവപ്പെട്ടത്. സ്പെഷൽ ട്രെയിനുകളില്ലാത്തത് യാത്രാദുരിതം ഇരട്ടിയാക്കിയിരുന്നു. റിസർവേഷൻ കോച്ചിൽ വരെ ജനറൽ ടിക്കറ്റെടുത്തവർ വ്യാപകമായി കയറിയിരുന്നതായി യാത്രക്കാർ പരാതി ഉന്നയിച്ചിരുന്നു.
പ്രതിദിന ട്രെയിനുകളിലെല്ലാം വെയ്റ്റിങ് ലിസ്റ്റ് 100 കടന്നിരുന്നു. കർണാടക, കേരള ആർ.ടി.സികൾ സ്പെഷൽ സർവിസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരക്ക് കുറക്കാൻ ഇവയൊന്നും പര്യാപ്തമല്ല.
സ്വകാര്യ ബസുകളിലാവട്ടെ, രണ്ടിരട്ടിയാണ് ടിക്കറ്റ് നിരക്ക്. പതിവുപോലെ മലബാർ ഭാഗത്തേക്കുള്ള യാത്രക്കാർ ഇത്തവണയും നാട്ടിലെത്താൻ പാടുപെടും. ഇരട്ടി പണം കൊടുത്ത് സ്വകാര്യ ബസുകളിലോ തൂങ്ങിപ്പിടിച്ച് ജനറൽ കോച്ചുകളിലോ വേണം ഇത്തവണയും നാട്ടിലെത്താൻ. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മലബാറിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിക്കണമെന്ന കാലങ്ങളായുള്ള യാത്രക്കാരുടെ ആവശ്യത്തിന് ഇത്തവണയും റെയിൽവേ ചെവിക്കൊണ്ടില്ല.
തിരൂർ, കോഴിക്കോട് ഭാഗത്തേക്കുള്ള ഏക പ്രതിദിന ട്രെയിനായ യശ്വന്ത്പൂർ - കണ്ണൂർ എക്സ്പ്രസിലാണെങ്കിൽ സൂചി കുത്താനിടമില്ലാത്തവിധം തിരക്കാണ്.
ക്രിസ്മസ് അവധി കഴിഞ്ഞുള്ള ഞായറാഴ്ച ഇതേ ട്രെയിനിൽ കണ്ണൂരിൽ നിന്നും യശ്വന്ത്പൂരിലേക്കുള്ള വെയ്റ്റിങ് ലിസ്റ്റ് 150 എത്തിയിട്ടുണ്ട്. പയ്യന്നൂർ, കാസർകോട്, കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ഏക പ്രതിദിന ട്രെയിനായ ബയ്യപ്പനഹള്ളി ടെർമിനൽ - കണ്ണൂർ എക്സ്പ്രസിലും (ഹാസൻ - മംഗളൂരു വഴി) സ്ഥിതി സമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.