ബംഗളൂരു: ഈ മാസം 19ന് നിയമസഭ കൗൺസിൽ ഹാളിൽ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറും ബി.ജെ.പി എം.എൽ.സി സി.ടി. രവിയും തമ്മിൽ നടന്ന വിവാദ സംഭാഷണം റെക്കോഡ് ചെയ്തിട്ടില്ലെന്നും റെക്കോഡ് ചെയ്തതായി പ്രചരിക്കുന്നതെല്ലാം വ്യാജമാണെന്നും കർണാടക നിയമസഭ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറട്ടി മാധ്യമങ്ങളോട് പറഞ്ഞു. ആ സംഭവവുമായി ബന്ധപ്പെട്ട് തങ്ങളുടെ പക്കൽ വിഡിയോകളൊന്നും ലഭ്യമല്ല.
തങ്ങൾക്ക് മാത്രമേ ആധികാരിക ഓഡിയോകളും വിഡിയോകളും റെക്കോഡുകളും ലഭിക്കുകയുള്ളൂ. കൗൺസിലിന് പുറത്തുള്ള ആർക്കും വിഡിയോ എടുക്കാനും ഓഡിയോ റെക്കോഡ് ചെയ്യാനും അനുവാദമില്ല.
കൗൺസിലിന് പുറത്തുള്ള ആർക്കെങ്കിലും ഇതുസംബന്ധിച്ച വിഡിയോ ഉണ്ടെങ്കിൽ അത് ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (എഫ്.എസ്.എൽ) അയക്കണം. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് ഹൊറട്ടി പറഞ്ഞു.
ബംഗളൂരു: തനിക്കെതിരെ ബി.ജെ.പി എം.എൽ.സി സി.ടി. രവി നിയമസഭ കൗൺസിലിൽ അപകീർത്തി പരാമർശം നടത്തിയ സംഭവത്തിൽ നീതിതേടി നിയമപോരാട്ടം തുടരുമെന്ന് വനിത-ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു. എന്തുതന്നെയായാലും രവിയോട് ക്ഷമിക്കുന്ന പ്രശ്നമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നീതി തേടും. രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തെഴുതും. അവസരം ലഭിച്ചാൽ പ്രധാനമന്ത്രിയെ കാണുകയും തനിക്ക് സംഭവിച്ച അനീതി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.