ബംഗളൂരു: ബാങ്കിങ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് തട്ടിപ്പുകൾക്കുപയോഗിക്കുന്നത് തടയാനുള്ള നടപടികൾ കൈക്കൊള്ളാനൊരുങ്ങി പൊലീസ്. സൈബർ കുറ്റകൃത്യങ്ങളുടെ പ്രധാന കേന്ദ്രം ബാങ്ക് അക്കൗണ്ടുകളാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്.
പൊലീസിന്റെ കണക്കു പ്രകാരം ഈ വർഷം ഇതുവരെ സംസ്ഥാനത്തുനിന്ന് 2600 കോടി രൂപയാണ് സൈബർ തട്ടിപ്പിലൂടെ മോഷ്ടാക്കൾ കൈക്കലാക്കിയത്. 2023ൽ 700 കോടി രൂപയായിരുന്ന സ്ഥാനത്താണ് ഈ വർഷം മൂന്ന് മടങ്ങോളം വർധിച്ചത്. ഈയടുത്ത് സംസ്ഥാനത്തെ ഒരു പ്രമുഖ ബാങ്കിൽ മുഖം തിരിച്ചറിയൽ സംവിധാനം സ്ഥാപിച്ചപ്പോഴാണ് ഒരു വ്യക്തിക്ക് വ്യത്യസ്ത പേരുകളിലായി 56 അക്കൗണ്ടുകൾ ഒരു ബാങ്കിൽ കണ്ടെത്തിയത്.
ഇത്തരം തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ കണ്ടെത്തി നടപടിയെടുക്കുന്നതിനായി പൊലീസ് റിസർവ് ബാങ്കുമായും ബാങ്കുകളുമായും മറ്റു ധനകാര്യ സ്ഥാപനങ്ങളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
50 ശതമാനം പണവും ഇൻവെസ്റ്റ്മെന്റ് തട്ടിപ്പുകളിലൂടെയും കൊറിയർ തട്ടിപ്പിലൂടെയും ഡിജിറ്റൽ അറസ്റ്റിലൂടെയുമാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വർഷം നവംബർ 30 വരെയുള്ള കണക്ക് പ്രകാരം സൈബർ കുറ്റകൃത്യങ്ങൾക്ക് 20,875 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
2022ൽ ഇത് 12,879 എണ്ണമായിരുന്നു. ഇന്ത്യയുടെ ഐ.ടി തലസ്ഥാനമായ ബംഗളൂരുവിൽ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 16,357 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2022ൽ ഇത് 9938 ഉം 2023ൽ 17,632ഉം ആയിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നഷ്ടപ്പെടുന്ന തുകയിൽ 25 മടങ്ങ് വർധനയാണ് ഉണ്ടായിട്ടുള്ളത്.
മ്യൂൾ അക്കൗണ്ടുകൾ (തട്ടിപ്പുകാർക്ക് പണം ക്രയവിക്രയം നടത്തുന്നതിനായി അക്കൗണ്ട് എടുത്തു കൊടുക്കൽ) എടുത്തു നൽകുന്നവർക്കെതിരെ കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ പല ബാങ്കുകൾക്കും വ്യത്യസ്ത കെ.വൈ.സി ചട്ടങ്ങളുള്ളത് വ്യാജ അക്കൗണ്ടുകൾ നിർമിക്കാൻ സഹായകമാകുന്നതായി ആക്ഷേപമുണ്ട്.
ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനായി തട്ടിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്ന വ്യാജ ആധാർ, പാൻ കാർഡുകളാണ് പൊലീസിന് കൂടുതൽ തലവേദന സൃഷ്ടിക്കുന്നത്. ഏതെല്ലാം ബാങ്കുകൾക്കാണ് ദുർബലമായ സംവിധാനങ്ങളുള്ളതെന്ന് തട്ടിപ്പുകാർക്കറിയാം. എല്ലാ ബാങ്കുകളിലും സൈബർ തട്ടിപ്പുകൾ തടയാനും നഷ്ടപ്പെട്ട പണം തിരിച്ചെടുക്കാനുമുള്ള ശക്തമായ സംവിധാനങ്ങൾ ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണെന്ന് മുതിർന്ന സൈബർ ക്രൈം ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.