ബംഗളൂരു: കർണാടകയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ അധ്യാപികയായി നിയമിതയാകുന്ന ആദ്യ ട്രാൻസ്ജെൻഡറായി രേണുക. ബെള്ളാരി കുറുകോട് ടൗണിലെ കർഷകരായ മല്ലയ്യയുടെയും ടിപ്പമ്മയുടെയും മകളാണ്.
ഹൈസ്കൂൾ വിദ്യാഭ്യാസം ജന്മനാട്ടിൽ പൂർത്തിയാക്കിയ ശേഷം ബെള്ളാരി മുനിസിപ്പൽ കോളജിൽ പ്രീ-യൂനിവേഴ്സിറ്റി പഠനം നടത്തി. പിന്നീട് സർക്കാർ ഡിഗ്രി കോളജിൽ ചേർന്നു. ഈ കാലയളവിൽ തന്റെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ അലട്ടിയെങ്കിലും ആത്മധൈര്യത്തോടെ നേരിട്ടു. 2022ൽ കന്നടയിൽ എം.എ പൂർത്തിയാക്കി.
‘‘ഇത്രയും ഉയർച്ച താഴ്ചകൾ അനുഭവിച്ച് ഈ നിലയിൽ എത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. വിജയനഗര സർവകലാശാല എന്റെ മനോവീര്യം ഉയർത്തി. 2022ൽ എം.എ പൂർത്തിയാക്കി നിയമിതയായി. 2025ൽ ലെക്ചററായി എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്’’ -രേണുക പറഞ്ഞു.
യൂനിവേഴ്സിറ്റി രജിസ്ട്രാർ രുദ്രേശയാണ് പാർട്ട് ടൈം ലെക്ചറർ തസ്തികയിലേക്ക് അപേക്ഷിക്കാൻ രേണുകയെ പ്രോത്സാഹിപ്പിച്ചത്. വിജയനഗര ശ്രീകൃഷ്ണദേവരായ സർവകലാശാല ലിംഗ ന്യൂനപക്ഷങ്ങൾക്ക് ഒരു ശതമാനം സംവരണം നടപ്പാക്കിയതിന്റെ ആനുകൂല്യമാണ് രേണുകയെ തുണച്ചത്. 30 അപേക്ഷകരിൽനിന്നാണ് രേണുകയെ മാർഗനിർദേശങ്ങൾ പാലിച്ച് തെരഞ്ഞെടുത്തതെന്ന് രജിസ്ട്രാർ രുദ്രേശ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.