മംഗളൂരു: വിശ്വഹിന്ദു പരിഷത്ത് അറുപതാം വാർഷിക ഭാഗമായി വി.എച്ച്.പി-ബജ്റംഗ്ദൾ സംയുക്തമായി സംഘടിപ്പിച്ച ശൗര്യ ജാഗ്രൺ രഥ യാത്രയുടെ സമാപനം കുറിച്ച് ചൊവ്വാഴ്ച ഉഡുപ്പിയിൽ നടന്ന റാലിയിൽ സംഘാടകനായ സംഘ്പരിവാർ നേതാവ് പങ്കെടുക്കുന്നത് പൊലീസ് തടഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് -ബജ്റംഗ്ദൾ ദക്ഷിണ കന്നട, ഉഡുപ്പി ജില്ല കോഓർഡിനേറ്റർ ശരൺ പമ്പുവെല്ലിനാണ് പൊലീസ് ഉപരോധം ഏർപ്പെടുത്തിയത്. ഉടുപ്പി പാരാമെഡിക്കൽ കോളജിൽ നേരത്തെയുണ്ടായ ഒളിക്യാമറ സംഭവവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ കേസിലെ പ്രതികളിൽ ഒരാളാണ് ശരൺ.
ഉടുപ്പി ജില്ല സെക്രട്ടറി ദിനേശ് മെൻഡൻ, മഹിളാ മോർച്ച ഉടുപ്പി ജില്ല പ്രസിഡന്റ് വീണ ഷെട്ടി എന്നിവരായിരുന്നു ഉടുപ്പി ടൗൺ പോലീസ് സ്വമേധയാ ചുമത്തിയ കേസിലെ മറ്റു പ്രതികൾ. ഉഡുപ്പി കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ ശരൺ വ്യവസ്ഥ ലംഘിച്ച് രഥയാത്ര ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തിരുന്നു.ഉഡുപ്പി ജില്ലയിൽ പ്രവേശിക്കരുതെന്നും മുൻകൂർ അനുമതിയില്ലാതെ ദക്ഷിണ കന്നട ജില്ലക്ക് പുറത്ത് പോവരുതെന്നുമായിരുന്നു വ്യവസ്ഥ.ഇത് ലംഘിച്ചതിനെത്തുടർന്നാണ് സമാപന റാലിയിൽ എത്തുമെന്നറിഞ്ഞ് പൊലീസ് ഉഡുപ്പി ജില്ല അതിർത്തികളിൽ ജാഗ്രത പുലർത്തിയത്.ഇത് മനസ്സിലാക്കിയ ശരൺ ദക്ഷിണ കന്നട -ഉഡുപ്പി ജില്ല അതിർത്തിയായ ഹെജമാഡിയിൽ നിന്ന് തിരിച്ചു പോന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.