ബംഗളൂരു: ഹൊസകോട്ടെ പൊലീസും വനിതാ ശിശുക്ഷേമ വികസന വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ റെയ്ഡിൽ 15 കാരിയെ ബാലവിവാഹത്തിൽനിന്ന് രക്ഷപ്പെടുത്തി. ഹൊസകോട്ടെ കനകഭവനിൽ കഴിഞ്ഞ ദിവസം പുലർച്ച രണ്ടിന് നടത്തിയ ഓപറേഷനിലാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. വധു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ ഒരാൾക്ക് സംശയം തോന്നിയതിനെതുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കോലാർ മാലൂർ സ്വദേശിനിയായ പെൺകുട്ടിയെ കെ.ആർ പുരം കോടിഗെഹള്ളി ശക്തി ലേഔട്ട് സ്വദേശിയായ സി. യശ്വന്ത് (24) എന്നയാളുമായി വിവാഹത്തിന് തീരുമാനിച്ചിരിക്കുകയായിരുന്നു. ഹൊസകോട്ടെ ഇൻസ്പെക്ടർ ബി.എസ്. അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ഹാളിലെത്തി വിവാഹം തടയുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ദൊഡ്ഡബല്ലാപൂരിലെ സർക്കാർ മന്ദിരത്തിലേക്ക് മാറ്റി. പെൺകുട്ടിയുടെ പിതാവ് കടുത്ത മദ്യപാനിയാണെന്നും കുടുംബം നോക്കിയിരുന്ന മാതാവ് സാമ്പത്തിക ബാധ്യത കുറയാനായാണ് പെൺകുട്ടിയെ നേരത്തേ വിവാഹം കഴിച്ചയക്കാൻ തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു. വരൻ പെൺകുട്ടിയുടെ അകന്ന ബന്ധുകൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.