മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരുവിനടുത്ത ബെൽത്തങ്ങാടി സ്വദേശികളായ മൂന്നു പേരുടെ ജഡങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച തുമകൂറിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ചുരുളഴിയുന്നത് നിധിതേടിയവരുടെ ദാരുണാന്ത്യം. ബെൽത്തങ്ങാടി ടി.ബി ക്രോസ് റോഡിലെ ഓട്ടോ റിക്ഷ ഡ്രൈവർ കെ. ഷാഹുൽ (45), മഡ്ഡട്ക്കയിലെ സി. ഇസ്ഹാഖ് (56), ഷിർലാലുവിലെ എം. ഇംതിയാസ് (34) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരുന്നത്. സംഭവത്തിൽ തുമകൂരു പുട്ടസ്വാമയ്യ പാളയയിലെ കെ. മധു (34), സാന്തെപേട്ടയിലെ വി. നവീൻ (24), വെങ്കിടേഷ് പുരയിലെ എ. കൃഷ്ണ (22), ഹോംബയ്യണപാളയയിലെ എൻ. ഗണേശ് (19), കാളിദാസ നഗറിലെ എം. സൈമൺ (18), നാഗണ്ണ പാളയയിലെ യു. കിരൺ (23) എന്നിവരെ അറസ്റ്റ് ചെയ്തതായി തുമകൂരു ജില്ല പൊലീസ് സൂപ്രണ്ട് കെ.വി. അശോക് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
റഫീഖ് എന്നയാളുടെ പേരിലുള്ളതാണ് കാർ. ബെൽത്തങ്ങാടി സ്വദേശികളായ മൂന്നു പേരെയും പ്രതികൾ സംഭവദിവസം ബീരണക്കല്ല് മലയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് എസ്.പി പറഞ്ഞു. അവിടെ മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങൾ കാറിലിട്ടശേഷം കാറിന് തീകൊളുത്തി. പിന്നീട് തടാകത്തിൽ തള്ളി തെളിവുകൾ നശിപ്പിച്ചു. തടാകത്തിൽ കത്തിയ കാർ കണ്ട നാട്ടുകാർ വിവരം നൽകിയാണ് പൊലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചത്.
മരിച്ചവരെ ഏഴുമാസമായി തുമകൂറു ശിരാഗട്ടെയിലെ പാട്ടരാജു എന്ന രാജുവിനൊപ്പം (35) കാണാറുണ്ടെന്ന നാട്ടുകാരുടെ മൊഴിയാണ് അന്വേഷണത്തിന് തുമ്പായത്. രാജുവിനെയും കൂട്ടാളി വാസി ഗംഗാരാജുവിനെയും (35) ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. നിധി എടുത്തു നൽകാമെന്ന് വിശ്വസിപ്പിച്ച് പാട്ടരാജുവും കൂട്ടാളിയും ബെൽത്തങ്ങാടി സ്വദേശികളിൽനിന്ന് പലതവണകളായി ആറു ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ആറു മാസം കഴിഞ്ഞിട്ടും നിധി കിട്ടാത്തതിനെതുടർന്ന് പണം തിരിച്ച് ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. തന്നില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയതോടെ മൂന്നുപേരെയും കൊല്ലുകയായിരുന്നെന്ന് ജില്ല പൊലീസ് സൂപ്രണ്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.