ബംഗളൂരു: അന്തരിച്ച കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയുമായ എസ്.എം. കൃഷ്ണക്ക് (92) ജന്മനാടായ മാണ്ട്യ മദ്ദൂർ സോമനഹള്ളിയിൽ അന്ത്യനിദ്ര. ബുധനാഴ്ച വൈകീട്ട് നടന്ന സംസ്കാര ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര, മന്ത്രിമാരായ ലക്ഷ്മി ഹെബ്ബാൾക്കർ, എൻ. ചലുവരായ സ്വാമി, കെ. വെങ്കടേശ്, എച്ച്.സി. മഹാദേവപ്പ, കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി, ബസവരാജ് ബൊമ്മൈ എം.പി, പ്രതിപക്ഷ നേതാവ് ആർ. അശോക, ബി.ജെ.പി നേതാക്കളായ സി.ടി. രവി, കെ. സുധാകർ, കേന്ദ്രമന്ത്രിയും ജെ.ഡി-എസ് കർണാടക അധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമി, മകൻ നിഖിൽ കുമാരസ്വാമി, മാണ്ഡ്യ മുൻ എം.പി സുമലത അംബരീഷ്, മണ്ഡ്യയിലെ എം.എൽ.എമാർ, ബി.ജെ.പി, ജെ.ഡി-എസ് നേതാക്കൾ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
ചൊവ്വാഴ്ച പുലർച്ചെ ബംഗളൂരു സദാശിവ നഗറിലെ വസതിയിലായിരുന്നു എസ്.എം. കൃഷ്ണയുടെ അന്ത്യം. ചൊവ്വാഴ്ച പകലും രാത്രിയും മൃതദേഹം സദാശിവ നഗറിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചു. ബുധനാഴ്ച രാവിലെ സോമനഹള്ളിയിലേക്ക് ഭൗതിക ശരീരവും വഹിച്ചുള്ള വാഹനം നീങ്ങി. മുൻ മുഖ്യമന്ത്രിയെ അവസാന നോക്കുകാണാൻ കെങ്കേരി, രാമനഗര, ചന്നപട്ടണ എന്നിവിടങ്ങളിൽ ജനങ്ങൾക്ക് സൗകര്യമൊരുക്കിയിരുന്നു.
ദേശീയ പതാകയിൽ പൊതിഞ്ഞ് പൂക്കൾകൊണ്ട് അലങ്കരിച്ച പല്ലക്കിലാണ് മൃതദേഹം അന്ത്യദർശനത്തിനായി വെച്ചത്. തുടർന്ന് ഭാര്യ പ്രേമ, മക്കളായ മാളവിക, ശംഭവി എന്നിവർ അന്തിമോപചാരമർപ്പിച്ച് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. പൂർണ സംസ്ഥാന ബഹുമതികളോടെ വൊക്കലിഗ ആചാരപ്രകാരമായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. 1000 കിലോ ചന്ദനത്തടികളിലായിരുന്നു അന്ത്യനിദ്ര. എസ്.എം. കൃഷ്ണയുടെ പേരമകനും ഡി.കെ. ശിവകുമാറിന്റെ മരുമകനുമായ അമർത്യ ചിതക്ക് തീകൊളുത്തി. പ്രമുഖ വൊക്കലിഗ മഠമായ ആദി ചുഞ്ചനഗിരി മഠത്തിലെ നിർമലാനന്ദനാഥ സ്വാമി സംസ്കാര ചടങ്ങിൽ പങ്കെടുത്തു. പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു.
എസ്.എം. കൃഷ്ണയുടെ നിര്യാണത്തിൽ അനുശോചിച്ച് ബുധനാഴ്ച സംസ്ഥാനത്ത് സ്കൂളുകൾ, കോളജുകൾ, സർക്കാർ ഓഫിസുകൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ പൊതു ദുഃഖാചരണം വ്യാഴം, വെള്ളി ദിവസങ്ങളിൽകൂടി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.