ബംഗളൂരു: കർണാടക ഐ.ടി -ബി.ടി വകുപ്പ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൈ ഗ്ലോബൽ സമ്മിറ്റ് ഇന്ന് സമാപിക്കും. സമാപനദിവസമായ വ്യാഴാഴ്ച മൈസൂരു ഇൻഫോസിസ് കാമ്പസിലാണ് സമ്മിറ്റ് അരങ്ങേറുക. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സയൻസസിൽ തിങ്കളാഴ്ച തുടക്കമിട്ട സമ്മിറ്റ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ ബംഗളൂരു തുമകൂരു റോഡിലെ ബാംഗ്ലൂർ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിൽ നടന്നു. ബി.ഐ.ഇ.സിയിൽ നടന്ന ചടങ്ങിൽ ടെന്നിസ് ഇതിഹാസ താരം ആന്ദ്രെ അഗാസി, ബോളിവുഡ് താരം വിദ്യ ബാലൻ തുടങ്ങിയവർ പങ്കെടുത്തു.
വനിത സംരംഭകർ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ഉയർത്തിക്കാട്ടുന്ന ടൈവുമൺ ഡെലോയിറ്റ് റിപ്പോർട്ട് പുറത്തിറക്കി. ബംഗളൂരു ആസ്ഥാനമായുള്ള കമ്പനി സൃഷ്ടിച്ച റിയ എന്ന മനുഷ്യ റോബോട്ടിനെ വേദിയിൽ പ്രദർശിപ്പിച്ചു. ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ്പുകളടക്കം അണിനിരന്ന പ്രദർശന പവലിയൻ സമ്മിറ്റിന്റെ ഭാഗമായി ഒരുക്കി. ആഗോള വെല്ലുവിളികളെ നേരിടുന്നതിനും സുസ്ഥിര വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ സെഷനുകൾ അരങ്ങേറി.ന്യൂജഴ്സി ലഫ്റ്റനന്റ് ഗവർണർ തഹേഷ വേ, അരവിന്ദ് കുമാർ, ഡോ. എക്രൂപ് കൗർ, ക്രിസ് ഹോഡ്ജസ്, പ്രശാന്ത് പ്രകാശ്, സഞ്ജയ് ത്യാഗി, ഡോ. ആശിഷ് ചൗഹാൻ, സഞ്ജീവ് ഗുപ്ത, അമിത് ഗുപ്ത, എ.ജെ. പട്ടേൽ, അഖിലേഷ് ടുതേജ, മദൻ പടകി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.