ബംഗളൂരു:മൈസൂരു-ബംഗളൂരു അതിവേഗപാതയിൽ ഈയടുത്ത് സ്ഥാപിച്ച ‘എസ്.ഒ.എസ്’ എന്ന പേരിലുള്ള പ്രത്യേക സംവിധാനം അടിയന്തരഘട്ടത്തിൽ യാത്രക്കാർക്ക് ഉപകാരമാകുന്നു. ‘സേവ് ഔവർ സോൾ’ എന്ന ഈ സംവിധാനം പാതയിലെ വിവിധ സ്ഥലങ്ങളിലാണുള്ളത്. മഞ്ഞനിറത്തിലുള്ള തൂണിൽ പാതക്കരികെ വിവിധയിടങ്ങളിൽ SOS എന്ന് രേഖപ്പെടുത്തിയ പെട്ടികൾ കാണാം. ഇതിലെ ബട്ടണിൽ അടിയന്തരഘട്ടത്തിൽ റോഡ് യാത്രക്കാർ അമർത്തുകയാണ് വേണ്ടത്. ഇതോടെ ഇതിലെ കാമറകൾ തുറന്നുവരുകയും പൊലീസ്, ഫയർഫോഴ്സ്, ആംബുലൻസ് കേന്ദ്രങ്ങൾ, കോൾസെന്ററുകൾ എന്നിവിടങ്ങളിലേക്ക് സന്ദേശം പോകുകയും ചെയ്യും. ആംബുലൻസ് ആവശ്യമാണെങ്കിൽ അവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് അറിയിപ്പ് പോകും. അടുത്തുള്ള പൊലീസ് സ്റ്റേഷനുകളുമായും അടിയന്തര കാൾ സെന്ററുകളുമായും ഈ സംവിധാനം ബന്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ ദേശീയപാത അതോറിറ്റിയുടെ സഹായ നമ്പറിൽ അടിയന്തര ആവശ്യങ്ങൾക്കായി റോഡ് യാത്രക്കാർക്ക് ഫോണിലൂടെ ബന്ധപ്പെടാം. എന്നാൽ, അതിവേഗപാതയുടെ പലയിടങ്ങളിലും മൊബൈലിന് റേഞ്ചില്ല. പലപ്പോഴും മൊബൈലിൽ ബാറ്ററി ചാർജ് തീർന്ന അവസ്ഥയിൽ മൊബൈൽ ഉപയോഗിക്കാനും കഴിയില്ല. ഇതിനാൽ SOS സംവിധാനം ഏറെ ഉപകാരപ്രദമാകുന്നുണ്ട്.
അതിവേഗപാതയിൽ അപകടങ്ങൾ പോലുള്ള അത്യാഹിതങ്ങൾ സംഭവിച്ചാൽ 1033 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണം.
ദേശീയപാത അതോറിറ്റിയാണ് ടോൾ ഫ്രീ നമ്പർ തയാറാക്കിയത്. ആംബുലൻസുകൾ, റെസ്ക്യൂ വാഹനങ്ങൾ, പൊലീസ് വാഹനങ്ങൾ എന്നിവ 30 മിനിറ്റിനുള്ളിൽ തന്നെ സംഭവസ്ഥലത്തെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.