ബംഗളൂരു: മുഹമ്മദ് നബിയെ പറ്റി വിദ്യാർഥികൾക്ക് ഉപന്യാസമത്സരം നടത്തിയെന്ന് ആരോപിച്ച് തീവ്രഹിന്ദുത്വസംഘടനയായ ശ്രീരാമസേന അംഗങ്ങൾ സർക്കാർ സ്കൂൾ പ്രധാനാധ്യാപകനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ഗഡഗ് ജില്ലയിലെ നാഗവി ഗ്രാമത്തിലെ സർക്കാർ സ്കൂളിലാണ് സംഭവം.
സ്കൂളിലേക്ക് തള്ളിക്കയറിയ ശ്രീരാമസേന പ്രവർത്തകർ പ്രധാനാധ്യാപകനായ അബ്ദുൽ മുനഫറിനെ ചോദ്യംചെയ്യുകയും കൈയേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. പലയിനം മത്സരങ്ങൾ സ്കൂളിൽ നടത്താറുണ്ടെന്നും ഇതിന്റെ ഭാഗമായാണ് ഉപന്യാസമത്സരവുമെന്നും ഏതെങ്കിലും മതത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടി ഉണ്ടായിട്ടില്ലെന്നും പ്രധാനാധ്യാപകൻ പ്രതികരിച്ചു. വിദ്യാർഥികളുടെ കൈയക്ഷരം മികവുറ്റതാക്കാൻ ഇത്തരത്തിൽ മാസത്തിൽ ഒന്നോ രണ്ടോ മത്സരങ്ങൾ നടത്താറുണ്ട്.
കനകദാസ, പുരന്ദവ ദാസ തുടങ്ങിയ ഹൈന്ദവ പ്രമുഖരെ പറ്റിയും ഉപന്യാസമത്സരം നടത്തിയിരുന്നു. കൈയേറ്റത്തിൽനിന്ന് സഹപ്രവർത്തകരാണ് തന്നെ രക്ഷിച്ചതെന്നും പ്രധാനാധ്യാപകൻ പറഞ്ഞു.എന്നാൽ, പുറത്തുള്ള ചിലർ ഒന്നാം സ്ഥാനക്കാർക്ക് 5000 രൂപ സമ്മാനം നൽകാമെന്നു പറഞ്ഞ് പ്രധാനാധ്യാപകനെ സമീപിച്ചപ്പോൾ മത്സരം നടത്താൻ സമ്മതിക്കുകയായിരുന്നുവെന്നും 43ഓളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തുവെന്നും ശ്രീരാമസേന പ്രവർത്തകർ പറയുന്നു. അനുമതിയില്ലാതെയാണ് മത്സരം നടത്തിയതെന്നും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും ഗദഗ് ജില്ല വിദ്യാഭ്യാസ പബ്ലിക് ഇൻസ്ട്രക്ഷൻ ഡെപ്യൂട്ടി ഡയറക്ടർ ജി.എം. ബസവലിങ്കപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.