ബംഗളൂരു: നഗരത്തിന്റെ തെക്കേയറ്റമായ ഹീലാലിഗയെയും വടക്കേയറ്റമായ രാജനഗുണ്ഡയെയും ബന്ധിപ്പിക്കുന്ന സബർബൻ റെയിലിന്റെ നാലാം ഇടനാഴി നിർമിക്കുന്നതിനായി സൗത്ത് വെസ്റ്റേൺ റെയിൽവേ 115 ഏക്കർ ഭൂമി ദീർഘകാല പാട്ടവ്യവസ്ഥയിൽ കെ-റൈഡിന് (കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ലിമിറ്റഡ്) കൈമാറി. എയർപോർട്ട് ലൈൻ രൂപരേഖക്കുള്ള അനുമതിയും നൽകി.
ഇതോടുകൂടി രണ്ടാം ഇടനാഴിക്ക് ഏറ്റെടുക്കേണ്ട ഭൂമി 157 ഏക്കറിൽ നിന്നും 85 ഏക്കറായി കുറഞ്ഞു. ഭൂമി രജിസ്ട്രേഷനുള്ള നടപടിക്രമങ്ങളും പൂർത്തിയായി. കെ-റൈഡ് കഴിഞ്ഞ വർഷം ഡിസംബർ 30ന് എൽ ആൻഡ് ടി കമ്പനിക്ക് നാലാം ഇടനാഴിയുടെ (കനക ലൈൻ) രൂപരേഖ തയാറാക്കാനും പാതയിലെ വയഡക്റ്റ് പാലങ്ങൾ നിർമിക്കാനുമുള്ള കരാർ നൽകിയിരുന്നു. എന്നാൽ, രൂപരേഖക്ക് റെയിൽവേ ബോർഡ് അനുമതി നൽകാത്തതിനാലും ഭൂമി വിട്ടുനൽകുന്നതിലെ അനിശ്ചിതത്വം മൂലവും പദ്ധതി വൈകുകയായിരുന്നു.
ഇരു തടസ്സങ്ങളും നീങ്ങിയതിനാൽ നിർമാണ പ്രവർത്തനങ്ങൾക്കുള്ള പ്രാരംഭപ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. ഉടൻ സ്വകാര്യ ഭൂമികൾ ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് കടക്കും. ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് മന്ത്രാലയം കഴിഞ്ഞ ഫെബ്രുവരിയിൽ ദേവനഹള്ളി-കെ.എസ്.ആർ ബംഗളൂരു ഒന്നാം ഇടനാഴിയുടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുള്ള സമയപരിധി നൽകിയത് 2027 ഡിസംബർ വരെയാണ്.
യൂനിയൻ ഗവൺമെന്റ് ഇതിനു മുമ്പ് 2020 ഒക്ടോബറിൽ മൂന്നു വർഷ സമയപരിധിയോടെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങാനുള്ള അനുമതിപത്രം നൽകിയിരുന്നു. എയർപോർട്ട് വഴിയുള്ള ലൈനിന് മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. നമ്മ മെട്രോ 2021ൽ സെൻട്രൽ സിൽക്ക് ബോർഡ്-കോമ്പഗൗഡ എയർപോർട്ട് റൂട്ടിലെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള ടെൻഡർ ക്ഷണിച്ചതിനാൽ എയർപോർട്ട് വഴിയുള്ള കെ.എസ്.ആർ സ്റ്റേഷൻ-ദേവനഹള്ളി ഇടനാഴിക്ക് മുൻഗണന നൽകേണ്ടെന്ന കെ-റൈഡിന്റെ തീരുമാനം റെയിൽവേ ബോർഡിന്റെ അതൃപ്തിക്കിരയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.