ബംഗളൂരു: തന്റെ സ്ഥിതി ദർസില്ലാത്ത മുസ്ലിയാരെ പോലെയാണെന്ന് മുൻ കേന്ദ്രമന്ത്രിയും ജെ.ഡി.എസ് കർണാടക മുൻ അധ്യക്ഷനുമായ സി.എം. ഇബ്രാഹിം. ബംഗളൂരുവിൽ നടന്ന ഇബ്രാഹീം സുലൈമാൻ സേട്ട് അനുസ്മരണ വേദിയിലാണ് സി.എം. ഇബ്രാഹിം സ്വയം ‘ട്രോളി’യത്. മൗലാന ആസാദിന് ശേഷം കേന്ദ്ര സർക്കാറിന്റെ അകം കണ്ട മുസ്ലിം നേതാവാണ് ഞാൻ. ദേവഗൗഡക്കൊപ്പം പാർട്ടിയുണ്ടാക്കി.
കുമാരസ്വാമി അതുംകൊണ്ട് ബി.ജെ.പിക്കൊപ്പം പോയി. ദർസില്ലാത്ത മുസ്ലിയാരെ പോലെയാണ് എന്റെ സ്ഥിതി. രാജ്യത്ത് ഒരു മൂന്നാം ശക്തി എപ്പോഴും ആവശ്യമാണ്. മുസ്ലിം സമുദായത്തിന്റെ ശക്തി വർധിപ്പിക്കാൻ മൂന്നാം ശക്തിവേണം -സി.എം. ഇബ്രാഹിം പറഞ്ഞു. ഇടത് സ്വതന്ത്ര എം.എൽ.എ കെ.ടി. ജലീലിനെ മൂന്നാം മുന്നണിയിലേക്ക് സി.എം. ഇബ്രാഹിം തമാശ രൂപേണ ക്ഷണിക്കുകയും ചെയ്തു. ജലീൽ നല്ല നേതാവാണ്. മലപ്പുറം വിട്ട് ജലീൽ പുറത്തുവരണം. ബിസ്മി പറഞ്ഞാൽ സീറ്റ് കിട്ടാത്ത കേരളത്തിന് പുറത്ത് പ്രവർത്തിക്കാൻ കഴിയണമെന്നും അതാണ് നേതാവിന്റെ കഴിവെന്നും സി.എം. ഇബ്രാഹിം പറഞ്ഞു.
മുമ്പ് ദേവഗൗഡക്കൊപ്പം ജെ.ഡി.എസിലായിരുന്ന സി.എം. ഇബ്രാഹിമും സിദ്ധരാമയ്യയും കോൺഗ്രസിൽ ചേക്കേറുകയായിരുന്നു. കോൺഗ്രസ് എം.എൽ.സിയായിരിക്കെ നിയമനിർമാണ കൗൺസിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് തനിക്ക് പകരം ബി.കെ. ഹരിപ്രസാദിനെ പരിഗണിച്ചതിൽ പ്രതിഷേധിച്ചാണ് 2022 മാർച്ചിൽ സി.എം. ഇബ്രാഹിം കോൺഗ്രസ് വിട്ട് ജെ.ഡി.എസിൽ തിരിച്ചെത്തിയത്. ജെ.ഡി.എസിന്റെ ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട സി.എം. ഇബ്രാഹിം, കർണാടകയിൽ മൂന്നാം മുന്നണിക്കുള്ള ശ്രമങ്ങളാരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.