ബംഗളൂരു: കർണാടകയിൽ വരുമാനത്തിൽ മുന്നിലുള്ള ക്ഷേത്രങ്ങളിൽനിന്ന് നികുതി പിരിക്കാൻ വ്യവസ്ഥ ചെയ്യുന്ന ഹിന്ദുമത സ്ഥാപന- ചാരിറ്റബ്ൾ എൻഡോവ്മെന്റ് ബിൽ ഗവർണർ ഒപ്പിടാതെ സർക്കാറിലേക്ക് മടക്കി. ബില്ലിൽ ചില കാര്യങ്ങളിൽ വ്യക്തത ആവശ്യപ്പെട്ടാണ് നടപടി. കഴിഞ്ഞ ഫെബ്രുവരി മൂന്നാം വാരത്തിലാണ് ഇതുസംബന്ധിച്ച ബിൽ സിദ്ധരാമയ്യ സർക്കാർ നിയമസഭയിൽ പാസാക്കിയത്. ഒരു കോടിയോ അതിലധികമോ വാർഷിക വരുമാനമുള്ള ക്ഷേത്രങ്ങൾ 10 ശതമാനവും 10 ലക്ഷം മുതൽ ഒരു കോടി വരെ വരുമാനമുള്ള ക്ഷേത്രങ്ങൾ അഞ്ചു ശതമാനവും നികുതി നൽകണമെന്നാണ് ബില്ലിലെ വ്യവസ്ഥ. സംസ്ഥാനത്തെ വരുമാനം കുറവുള്ള മറ്റു ക്ഷേത്രങ്ങളിലെ 40,000 പൂജാരിമാരുടെ ജീവിതനിലവാരം മെച്ചെപ്പടുത്താനും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും ഈ തുക വിനിയോഗിക്കുന്നതിലൂടെ ഈ മേഖലയിൽ നിലനിൽക്കുന്ന അന്തരം കുറക്കുകയാണ് സർക്കാർ ബില്ലിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ, ബില്ലിനെതിരെ ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും രംഗത്തുവന്നിരുന്നു.
ക്ഷേത്രങ്ങൾക്കുമേലുള്ള സർക്കാറിന്റെ കടന്നുകയറ്റമായാണ് പ്രതിപക്ഷം ബില്ലിനെ വ്യാഖ്യാനിച്ചത്. നിയമസഭയിൽ ബിൽ പാസായെങ്കിലും ഉപരിസഭയായ നിയമനിർമാണ കൗൺസിലിൽ ബി.ജെപിയും ജെ.ഡി-എസും ഒന്നിച്ചെതിർത്തതോടെ ബിൽ തള്ളിയിരുന്നു. എന്നാൽ, ബിൽ വീണ്ടും നിയമസഭയിൽ പാസാക്കിയെടുത്ത സിദ്ധരാമയ്യ സർക്കാർ, ബി.ജെ.പിയുടെ പ്രതിഷേധ വാക്കൗട്ടിനിടെ കൗൺസിലിലും പാസാക്കി. തുടർന്ന് അന്തിമ അനുമതിക്കായി ഗവർണറുടെ അനുമതിക്കായി കൈമാറുകയായിരുന്നു.
കർണാടകയിൽ ക്ഷേത്ര ഭരണ വകുപ്പായ മുസ്റെക്ക് കീഴിൽ 35,000 ക്ഷേത്രങ്ങളാണുള്ളത്. ഇതിൽ 205 ക്ഷേത്രങ്ങൾ 25 ലക്ഷത്തിലധികം രൂപ വാർഷിക വരുമാനമുള്ളവയാണ്. ഇവയെ ‘എ’ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അഞ്ചു മുതൽ 25 ലക്ഷം വരെ വാർഷിക വരുമാനമുള്ള 139 ക്ഷേത്രങ്ങൾ ‘ബി’ ഗണത്തിലും അഞ്ചു ലക്ഷത്തിൽ താഴെ വരുമാനമുള്ള 34,000 ക്ഷേത്രങ്ങൾ ‘സി’ വിഭാഗത്തിലുമാണുള്ളത്.
ഗവർണർ ആവശ്യപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തി ബിൽ വീണ്ടും അനുമതിക്കായി ഗവർണർക്കു തന്നെ കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.