വനംവകുപ്പ് പിടികൂടിയ പുലിയെ കാട്ടിൽ വിട്ടു

ബംഗളൂരു: മൈസൂരു ജില്ലയിലെ ടി നർസിപുർ താലൂക്കിൽ നിന്ന് ഒരു ആൺപുലിയെ കൂടി വനംവകുപ്പ് പിടികൂടി കാട്ടിൽ വിട്ടു. പൂർണ വളർച്ചയെത്തിയ എട്ട് വയസ്സുള്ള പുലിയാണിതെന്ന് മൈസൂരു ഡിവിഷൻ ഡി.സി.എഫ് കമല പറഞ്ഞു.മേഖലയിൽ പുലിയെ കണ്ടുവെന്നതിന്‍റെ അടിസ്ഥാനത്തിൽ പിടികൂടാൻ ഇവിടെ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. ഡിസംബർ രണ്ടുമുതൽ തുടങ്ങിയ തിരച്ചിലിൽ ഇതോടെ ആറുപുലികളെ ടി. നർസിപുർ താലൂക്കിൽ നിന്ന് വനംവകുപ്പ് പിടികൂടി.

ഈ വർഷം ഏപ്രിൽ മുതൽ മൈസൂരു ഡിവിഷനിൽ നിന്ന് പിടികൂടുന്ന 26ാമത് പുലിയാണിത്, താലൂക്കിൽ നിന്നുള്ള ഒമ്പതാമത്തെയും. ഡിസംബർ ഒന്നിന് എസ് കെബ്ബഹുണ്ടിയിൽ 22 കാരിയായ മേഘന പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ സ്ഥലത്തുനിന്ന് അഞ്ചുകിലോമീറ്റർ അകലെ നിന്നാണ് ഇപ്പോൾ പുലിയെ പിടികൂടിയിരിക്കുന്നത്.

ഈ പുലിയാണോ മേഘനയെ കൊന്നതെന്ന കാര്യം ഉറപ്പിക്കാനായിട്ടില്ല. ഇതുസംബന്ധിച്ച കാമറ ദൃശ്യങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 31ന് മല്ലികാർജുന സ്വാമി മലമ്പ്രദേശത്ത് 22കാരനായ മഞ്ജുനാഥ് പുലി ആക്രമണത്തിൽ മരിച്ചിരുന്നു.

കഴിഞ്ഞയാഴ്ച എട്ടുവയസ്സുള്ള ഒരു പുലിയെ ഈ മേഖലയിൽ നിന്ന് വനംവകുപ്പ് പിടികൂടിയിരുന്നു. ഈ പുലിയാണ് മഞ്ജുനാഥിനെ ആക്രമിച്ചതെന്നാണ് സൂചന. രണ്ട് സംഭവങ്ങളിലും കൊലയാളി പുലിയെയാണോ പിടികൂടിയതെന്ന് ഉറപ്പുപറയാനായിട്ടില്ലെങ്കിലും ഒരാഴ്ചക്കിടെ രണ്ട് പുലികളെ പിടികൂടി കാട്ടിൽ വിടാൻ കഴിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് വനംവകുപ്പും പ്രദേശവാസികളും.

Tags:    
News Summary - The forest department released the caught tiger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.