ബംഗളൂരു: ബംഗളൂരു നഗരത്തിലെ തിരക്കേറിയ എം.ജി റോഡിൽനിന്ന് തട്ടിക്കൊണ്ടുപോയ ഓഹരി ഇടപാടുകാരനെ പൊലീസ് മോചിപ്പിച്ചു. അഞ്ചുകോടി ആവശ്യപ്പെട്ടാണ് അസ്മീറ രാജുവിനെ ആക്രമികൾ എം.ജി റോഡിൽനിന്ന് കാറിൽ കയറ്റി തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ 16ന് അർധരാത്രിയോടെയാണ് തട്ടിക്കൊണ്ടുപോകൽ അരങ്ങേറിയത്. കഴിഞ്ഞദിവസം ഇയാൾ ഇതേകുറിച്ച് എക്സിൽ പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്തുവന്നത്. ‘‘എന്നെ ബംഗളൂരു പൊലീസ് രക്ഷിച്ചു.
ജൂൺ 16ന് അർധരാത്രി എം.ജി റോഡിൽനിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയിരുന്നു. അവർ എന്നെ തെലങ്കാനയിലെ ഏതോ കാട്ടിലേക്കാണ് കൊണ്ടുപോയത്. 48 മണിക്കൂറിനകം ബംഗളൂരു പൊലീസ് കൃത്യം ലൊക്കേഷനിലെത്തി എന്നെ രക്ഷപ്പെടുത്തി. ഇതെന്റെ രണ്ടാം ജന്മമാണ്. ബംഗളൂരു പൊലീസിന് നന്ദി പറയുന്നു. പൊലീസിൽനിന്ന് ഒരു ക്രിമിനലിനും രക്ഷപ്പെടാൻ കഴിയില്ല. ബംഗളൂരുവാണ് ഏറ്റവും സുരക്ഷിത നഗരം...’’ -അസ്മീറ രാജു എക്സ് പോസ്റ്റിൽ പറഞ്ഞു.
തട്ടിക്കൊണ്ടുപോവുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ബംഗളൂരു പൊലീസ് പുറത്തുവിട്ടത് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പത്തോളം പേർ ചേർന്ന് ഒരു വാഹനത്തിൽ കയറ്റുന്നതും പിന്നീട് പല വാഹനങ്ങളിലായി ഇവർ വേഗത്തിൽ പായുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ആഡംബര ജീവിതം നയിക്കുന്നയാളാണ് അസ്മീറ രാജു എന്നതിനാലാണ് ഇയാളെ ആക്രമികൾ ലക്ഷ്യമിട്ടത്. കഴിഞ്ഞ ഏഴു മാസത്തോളമായി ഇയാൾ എം.ജി റോഡിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് കഴിയുന്നത്. ജീവിത ശൈലി നിരീക്ഷിച്ച ശേഷമാണ് ആക്രമികൾ തട്ടിക്കൊണ്ടുപോകലിന് പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.