ബംഗളൂരു: മൈസൂരു ജില്ലയിൽ മൂന്നുപേരെ കൊന്ന പുള്ളിപ്പുലിയെയും കടുവയെയും വെടിവെക്കാൻ ഡെപ്യൂട്ടി കമീഷണർ കെ.വി. രാജേന്ദ്ര ഉത്തരവിട്ടു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദേശപ്രകാരം പ്രത്യേക ദൗത്യസംഘങ്ങൾ ഇവയെ പിടികൂടാൻ തിരച്ചിൽ നടത്തുന്നുണ്ട്.
വിവിധ സംഘങ്ങളായി 120ലധികം വനപാലകരാണ് രണ്ടു താലൂക്കുകളിലുമായി തിരച്ചിൽ നടത്തുന്നത്. 20ഓളം സി.സി.ടി.വി കാമറകളും അഞ്ചിലധികം കെണികളും സ്ഥാപിച്ചു. വന്യജീവികളെ പിടികൂടുന്നതിൽ പരിശീലനം ലഭിച്ച ആനകളെയും ദൗത്യത്തിന് ഉപയോഗിക്കുന്നുണ്ട്.
വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററാണ് വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് ഇറക്കേണ്ടതെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഡെപ്യൂട്ടി കമീഷണർ ഉത്തരവിട്ടത്.
2022 ഒക്ടോബർ 30 മുതൽ 2023 ജനുവരി 22 വരെയുള്ള മൂന്നു മാസത്തിനുള്ളിൽ മൈസൂരുവിലെ ടി. നർസിപുർ, എച്ച്.ഡി കോട്ട താലൂക്കുകളിലായി അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. കോളജ് വിദ്യാർഥികളായ മഞ്ജുനാഥ് (20), മേഘ്ന (22), സ്കൂൾ വിദ്യാർഥി ജയന്ത് (11), സിദ്ധമ്മ (60), ആദിവാസി യുവാവ് മഞ്ജു (18) എന്നിവരാണ് മരിച്ചത്.
ഇവരിൽ മഞ്ജുനാഥിനെയും മേഘ്നയെയും കൊന്ന പുലിയെ ഒരു മാസത്തോളം നീണ്ട തിരച്ചിലിനൊടുവിൽ പിടികൂടി ബംഗളൂരുവിലെ ബന്നാർഘട്ട മൃഗശാലയിലേക്ക് മാറ്റിയിരുന്നു. മറ്റുള്ളവരെ കൊന്ന പുലിക്കും കടുവക്കുമായാണ് തിരച്ചിൽ. മൂന്നു ദിവസത്തിനിടെ മൂന്നു പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.