ബംഗളൂരു: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്നത് ക്രൂരമായ നരഹത്യയാണെന്നും ഇതിനെതിരെ എല്ലാ മനുഷ്യരും ഐക്യപ്പെടണമെന്നും സംസ്ഥാനത്തെ വിവിധ സംഘടനകളുടെ കൂട്ടായ്മകളും മതനേതാക്കളും ആവശ്യപ്പെട്ടു.
വർഷങ്ങളായി ഉപരോധത്തിലുള്ള ഗസ്സക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ ആറായിരം മനുഷ്യരാണ് കൊല്ലപ്പെട്ടത്. ഇതിൽ നല്ലൊരു ശതമാനവും കുട്ടികളും സ്ത്രീകളുമാണ്. 16,000 പേർക്ക് പരിക്കേറ്റു. 31 പള്ളികൾ, നാല് ചർച്ചുകൾ, നിരവധി സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയവയും തകർത്തു. വെള്ളം, വൈദ്യുതി, മരുന്ന്, ഇന്ധനം തുടങ്ങിയവയും ഗസ്സക്ക് ഇസ്രായേൽ നിഷേധിക്കുകയാണ്.
അഫ്ഗാനിൽ ഒരു വർഷത്തിനിടെ നാറ്റോ സൈന്യം വർഷിച്ച അത്രയും ബോംബുകളാണ് ദിവസങ്ങൾക്കുള്ളിൽ തന്നെ ഗസ്സയിലെ ജനങ്ങൾക്ക് മേൽ ഇസ്രായേൽ പ്രയോഗിച്ചത്.
75 കൊല്ലം മുമ്പ് അധിനിവേശം നടത്തി ഫലസ്തീനിൽ ഇസ്രായേൽ രാഷ്ട്രം രൂപവത്കരിച്ചതാണ് ഈ പ്രശ്നങ്ങളുടെയൊക്കെ മൂലകാരണം. 2500 വർഷങ്ങളായി താമസിച്ചുവന്ന അറബികളുടേതാണ് ആ ഭൂമി. അവിടം കൈയേറുകയും സ്ഥിരമായി കൈയേറ്റം വിപുലീകരിക്കുകയുമാണ് സയണിസ്റ്റ് രാജ്യം ചെയ്യുന്നത്.
ഇതിനെതിരായ ചെറുത്തുനിൽപ്പാണ് ഗസ്സയിലെ ജനങ്ങൾ നടത്തുന്നത്. ഇസ്രായേലിന്റെ ക്രൂരത മനുഷ്യരാശിക്ക് നേരെയുള്ള ക്രൂരതയാണ്. എല്ലാ മനുഷ്യരും ഫലസ്തീനൊപ്പം നിൽക്കേണ്ട സന്ദർഭമാണിത്.
ഇന്ത്യ കാലാകാലങ്ങളായി ഫലസ്തീന്റെ അവകാശങ്ങൾക്കൊപ്പമാണ് നിലകൊണ്ടത്. അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്ര സഭ ചട്ടങ്ങളും പ്രകാരം പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ഇന്ത്യ മധ്യസ്ഥത വഹിക്കണമെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു
ജമാഅത്തെ ഇസ്ലാമി കർണാടക പ്രസിഡന്റ് ഡോ. മുഹമ്മദ് സഅദ് ബെൽഗാമി, റീച്ച് ലോയോഴ്സ് കൂട്ടായ്മയുടെ അഡ്വ. ബി.ടി. വെങ്കടേഷ്, സിറ്റി ജാമിഅ മസ്ജിദ് ഇമാം മൗലാന മഖ്സൂദ് ഇംറാൻ റഷാദി, ജംഇയ്യത്തുൽ ഉലമ കർണാടക പ്രസിഡന്റ് മൗലാന ഇഫ്തിഖാർ ഖാസിമി, മാസ് മീഡിയയുടെ അക്ബർ അലി എന്നിവരാണ് സംയുക്ത പ്രസ്താവന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.