മൊയ്തീന്-കാഞ്ചനമാല അനശ്വരപ്രേമവും ജിപ്സിയായ ചാര്‍ലിയുടെ കാഴ്ചകളും അടക്കം ഒേട്ടറെ ജീവിതങ്ങൾ കാമറയില്‍ പകര്‍ത്തിയ മലയാളത്തിെൻറ പ്രിയ ഛായാഗ്രാഹകൻ ജോമോന് ടി. ജോണ്‍ ആദ്യമായി സംവിധാനത്തിലേക്ക് പ്രവേശിക്കുകയാണ്. തിരക്കഥ ഒരുക്കുന്നത് നടനും സംവിധായകനുമായ സിദ്ധാർഥ് ശിവയാണ്. നായകനാകുന്നത് നിവിൻ പോളി.
നിഗൂഢതകൾ മാത്രം അവശേഷിപ്പിച്ച് മറഞ്ഞ കേരളത്തിെൻറ സ്വന്തം കപ്പലായിരുന്ന എം.വി. കൈരളിയുടെ തിരോധാനമാണ് പ്രമേയം. ഇൗ ബിഗ് ബജറ്റ് ചിത്രത്തിെൻറ കഥാപാത്രങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ ശ്രദ്ധേയമായ ഒരുപിടി ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു ജോമോൻ ടി. ജോൺ. ചാപ്പാകുരിശ്, ബ്യൂട്ടിഫുൾ, തട്ടത്തിൻ മറയത്ത്, അയാളും ഞാനും തമ്മിൽ, എന്നു നിെൻറ മൊയ്തീൻ, ചാർളി, ജേക്കബിെൻറ സ്വർഗരാജ്യം എന്നിവ അവയിൽ ചിലതുമാത്രം. ധനുഷ് തിരക്കഥയെഴുതി ഭാര്യ സൗന്ദര്യ രജനീകാന്ത് ഒരുക്കുന്ന തമിഴ് ചിത്രത്തിനും കാമറ ചലിപ്പിക്കുന്നത് ജോമോൻ ടി. ജോണാണ്. ഗൗതം മേനോെൻറ ചിത്രീകരണം പുരോഗമിക്കുന്ന ‘എന്നൈ നോക്കി പായും തോട്ട’യാണ് തമിഴില്‍ ആദ്യം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം. പുതിയ സംരംഭത്തെ കുറിച്ചും തെൻറ ചലച്ചിത്ര കരിയറിനെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.
ദുരൂഹതകളുടെ കപ്പൽ
1979 ജൂൺ 30ന് ഗോവയിലെ മഡ്ഗോവ തുറമുഖത്തുനിന്ന് യാത്ര തിരിച്ചതാണ് എം.വി കൈരളി എന്ന ചരക്കുകപ്പൽ. കേരള ഷിപ്പിങ് കോർപറേഷെൻറ ആദ്യത്തേതും അവസാനത്തേതുമായ കപ്പൽ. ഇരുമ്പ് അയിര് കയറ്റിയ കപ്പലിൽ ക്യാപ്റ്റനും ചീഫ് എൻജിനീയറും കുടുംബവും ജീവനക്കാരുമുൾപ്പെടെ 51 പേരുണ്ടായിരുന്നു. 20,000 ടൺ അയിരുമായി മഡ്ഗോവയിൽനിന്ന് ജർമനിയിലെ റോസ്റ്റോക്കിലേക്ക് ജിബൂതി വഴി പോകാനാണ് തീരുമാനിച്ചത്. മൂന്ന് ദിവസം ബോംബെ റേഡിയോ വഴി ആശയവിനിമയം നടന്നു. ജൂലൈ മൂന്നിന് രാവിലെ എട്ടുമണിക്കാണ് അവസാന സന്ദേശം ലഭിച്ചത്. ജൂലൈ 11ന് ജിബൂതിയിലെ ഏജൻറ് കെ.എസ്.സിയെ അറിയിച്ചത് കപ്പൽ എട്ടിന് ഇന്ധനം നിറക്കാൻ എത്തിയിട്ടില്ലെന്നാണ്. 1979 ജൂലൈ 16നാണ് അന്വേഷണം ആരംഭിക്കുന്നത്. എപ്പോൾ, എങ്ങനെ, എവിടെ കാണാതായി എന്നീ ചോദ്യങ്ങൾക്ക് ഇപ്പോഴും മറുപടിയില്ല. അറബിക്കടലിൽ 500 മൈൽ ദൂരെയാണ് കാണാതായതെന്ന് അനുമാനം മാത്രം. കപ്പലിെൻറ റഡാർ സംവിധാനം തകരാറിലാണെന്ന് ക്യാപ്റ്റൻ അറിയിച്ചിരുന്നതായും കപ്പലിൽ അനുവദനീയമായതിലും കൂടുതൽ അയിര് കയറ്റിയതായും പറയുന്നു. അയിര് നിറച്ച കപ്പലിലെ അറകൾ വേണ്ട രീതിയിൽ നിരപ്പാക്കിയില്ലെന്നും അത് മൂലം കപ്പൽ മുങ്ങിയതാണെന്നും ചിലർ. കപ്പലുമായുള്ള വാർത്ത വിനിമയം നഷ്ടമായത് ഷിപ്പിങ് കോർപറേഷൻ അറിയാൻ വൈകിയത് രക്ഷാപ്രവർത്തനത്തിനു തടസ്സമായെന്നും പറയുന്നു. അമിതമായി കാർേഗാ കയറ്റിയത്, റഡാർ തകരാർ, പ്രതികൂല കാലാവസ്ഥ, കടൽക്കൊള്ളക്കാരുടെ ആക്രമണം എന്നിവ കാരണമായി ചൂണ്ടിക്കാണിക്കുന്നു. കപ്പൽ തിരോധാനത്തെ തുടർന്ന് 6.4 കോടി രൂപ സംസ്ഥാന സർക്കാറിന് ഇൻഷുറൻസ് ലഭിച്ചു. നഷ്ടമായത് 51 കുടുംബങ്ങൾക്ക് മാത്രം.
എം.വി കൈരളി കപ്പലിനെ കുറിച്ച് സിനിമയെടുക്കാൻ കാരണം നമ്മുടെ നാടുമായി ബന്ധപ്പെട്ട നിഗൂഢമായ സംഭവമായതുകൊണ്ടാണ്. കേരളത്തിെൻറ സ്വന്തം കപ്പലെന്ന ആരവം കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ മലയാളികളെ ഞെട്ടിക്കുകയും സങ്കടക്കടലിലാക്കുകയും ചെയ്ത സംഭവമാണിത്. ഏറെ ദുരൂഹതകൾ അവശേഷിപ്പിച്ചാണ് എം.വി ൈകരളി കപ്പൽ കാണാതായത്. അതിെൻറ സത്യാവസ്ഥ ചുരുളഴിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. വിശദീകരിക്കാന്‍ ശ്രമിച്ചവര്‍ പലരും ദയനീയമായി പിന്‍വാങ്ങി. തിരച്ചിലുകള്‍ നിഷ്ഫലമായ സാഹചര്യത്തിലാണ് ഇന്ത്യൻ നാവിക സേനയും ബ്രിട്ടീഷ് സേനയും പിൻവാങ്ങിയത്. കപ്പലിെൻറ തരിമ്പു പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. വസ്തുതകൾ ഇനിയും ചുരുളഴിയാതെ തുടരുന്നു. ഇതിന് ഉത്തരം കിട്ടണമെങ്കിൽ ശരിയായ അേന്വഷണം വേണം. ബന്ധപ്പെട്ട സംഭവങ്ങളുടെ ഇതളുകൾ കീറിമുറിച്ച് പരിശോധിക്കണം. ഇടക്കിടെ അതെ കുറിച്ച് പത്രമാധ്യമങ്ങളിൽ വാർത്ത വരും. എന്നാൽ ശരിയായ ദിശയിൽ അന്വേഷണം നടന്നിട്ടില്ല. ഇപ്പോഴും അവർ തിരിച്ച്വരുമെന്ന പ്രതീക്ഷയിൽ കാത്ത് നിൽക്കുന്ന കുടുംബങ്ങൾ ജീവിച്ചിരിപ്പുണ്ട്. ലോകത്തിെൻറ ഏതെങ്കിലും കോണിൽ ഇവർ ജീവിച്ചിരിക്കുന്നതായി വിശ്വസിക്കുന്നു.
ഛായാഗ്രാഹകനിൽനിന്ന് സംവിധായകനിലേക്ക്
ഛായാഗ്രാഹകനിൽനിന്ന് സംവിധാനത്തിലേക്കുള്ള മാറ്റം കുറച്ചു കൂടി ഉത്തരവാദിത്തംനൽകുമെന്നാണ് തോന്നുന്നത്. ചെയ്യുന്ന സിനിമയുമായി ബന്ധപ്പെട്ട എ ടു ഇസഡ് കാര്യങ്ങൾ മനസ്സിലാക്കണം. മറ്റുള്ളവരെ ഏകോപിപ്പിക്കണം. അതുകൊണ്ടുതന്നെ സംവിധാനവും കാമറയും ഒരുമിച്ച് ചെയ്യാനുള്ള സാധ്യതയില്ല.
ആശയം നിവിേൻറത്
എം.വി കൈരളി കപ്പലിനെ കുറിച്ച് സിനിമയെടുക്കണമെന്ന ആശയം ആദ്യം മുന്നോട്ട് വെച്ചത് നടൻ നിവിൻ പോളിയാണ്. തുടർന്ന് ഞാനും നിവിനും സിദ്ധാർഥ് ശിവയും ഇതേകുറിച്ച് സംസാരിച്ചു. തിരക്കഥ എഴുതാമെന്ന് സിദ്ധാർഥ് ശിവ സമ്മതിച്ചു. മൂന്നുപേരും ആദ്യമായാണ് ഒരുമിക്കുന്നത്. നിവിൻ നല്ല സുഹൃത്താണ്. അതുകൊണ്ടുതന്നെ എല്ലാം തുറന്ന് പറയാൻ സ്വാതന്ത്ര്യമുണ്ട്. ഇൗ ചിത്രത്തിൽ നിവിെൻറ റോൾ സംബന്ധിച്ച് തീരുമാനമായിട്ടില്ല. നിവിൻ നായകനായ തട്ടത്തിൻ മറയത്ത്, ജേക്കബിെൻറ സ്വർഗരാജ്യം, ഒരു വടക്കൻ സെൽഫി എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു. സിദ്ധാർഥിനെയും നേരത്തെ അറിയാം. സിനിമയിൽ സുഹൃദ്ബന്ധം എന്നും അനുകൂലമാണ്. ഞങ്ങൾക്കിടയിൽ സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ എന്നതിന് പുറമെയുള്ള സൗഹൃദമുണ്ട്. അതുകൊണ്ടുതന്നെ സ്വതന്ത്രമായി കാര്യങ്ങൾ പങ്കുവെക്കാൻ സാധിക്കും. സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രത്തിൽ നിവിനായിരുന്നു നായകൻ. ഇൗ ചിത്രം നിർമിക്കുന്നത് നിവിൻ േപാളിയുടെ പ്രൊഡക്ഷൻ കമ്പനിയായ പോളി ജൂനിയർ പിക്ചേഴ്സ്, റിയൽ ലൈഫ് വർക്ക് എന്നിവരാണ്. ഹേയ് ജൂഡ്, ലവ് ആക്ഷൻ ഡ്രാമ, കായംകുളം കൊച്ചുണ്ണി എന്നിവയുടെ തിരക്കിലാണ് നിവിൻ.
അണിയറപ്രവർത്തനം ഇതുവരെ
സിനിമയുടെ അണിയറപ്രവർത്തനം പുരോഗമിക്കുകയാണ്. കപ്പലിലുണ്ടായിരുന്ന യാത്രക്കാരുടെ കുടുംബങ്ങളിൽനിന്ന് ഏജൻസി വഴി വിവരം ശേഖരിക്കുന്നു. ഒരു വർഷമായി അവർ ഇതിന് പിറകെയാണ്. കേരളം, ഗോവ, മഹാരാഷ്ട്ര, ജിബൂതി, കുവൈത്ത്, ജർമനി എന്നിവിടങ്ങളിൽ ഷൂട്ടിങ് ഉണ്ടാകും. സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനിച്ചിട്ടില്ല. ഡിസംബറിൽ ഷൂട്ടിങ് തുടങ്ങും. തിരക്കഥ പുരോഗമിക്കുകയാണ്. ക്രൂ ലിസ്റ്റ് ഒരുമിച്ചാണ് പുറത്തുവിടുക. മലയാളത്തിന് പുറമെനിന്ന് നിരവധി അഭിനേതാക്കളുണ്ടാകും.
കൈരളി കപ്പൽ സഞ്ചരിച്ച വഴികളിലൂടെ ചരിത്ര സംഭവങ്ങളെയും നിഗമനങ്ങളെയും കോർത്തിണക്കിയാണ് ചിത്രം വികസിക്കുന്നത്. യാഥാർഥ സംഭവം പ്രേക്ഷകരിൽ എത്തിക്കാനാണ് ശ്രമം. കൂട്ടിച്ചേർക്കൽ നടത്തില്ല. 2018ൽ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
തിരക്കൊഴിയാതെ മുംബൈയിൽ
ഇപ്പോൾ മുംബൈയിൽ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഗോൽമാൽ എഗെയ്ൻ എന്ന ഹിന്ദി ചിത്രത്തിെൻറ തിരക്കിലാണ്. ഇതുൾപ്പെടെ രണ്ട് പടങ്ങൾ പൂർത്തിയാക്കാനുണ്ട്. അത് കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തും. ചാർലി, ജേക്കബിെൻറ സ്വർഗരാജ്യം എന്നീ സിനിമകൾ കഴിഞ്ഞ് നാട്ടിൽനിന്ന് പോന്നതാണ്. ഇവിടെ രണ്ട്വർഷമായി തമിഴ്, ഹിന്ദി സിനിമയുടെ പിറകെയാണ്. അതുകൊണ്ടുതന്നെ മലയാളസിനിമയിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ ശ്രദ്ധിക്കാറില്ലെന്നും ജോമോൻ ടി. ജോൺ പറയുന്നു.
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.