ഷാറൂഖിന്‍െറയും ബന്‍സാലിയുടെയും സിനിമകള്‍ക്കെതിരെ സംഘ് സംഘടനകളുടെ പ്രതിഷേധം

മുംബൈ: ഷാറൂഖ് ഖാന്‍-കാജല്‍ താരജോടികള്‍ ഒന്നിച്ച ‘ദില്‍വാലെ’, സഞ്ജയ് ലീല ഭന്‍സാലിയുടെ ‘ബാജിറാവു മസ്താനി’ സിനിമകളുടെ പ്രദര്‍ശനത്തിനെതിരെ സംഘ് സംഘടനകളുടെ പ്രതിഷേധം. രാജ്യത്ത് അസഹിഷ്ണുത ഉണ്ടെന്ന് ഷാറൂഖ് ഖാന്‍ പറഞ്ഞതാണ് അദ്ദേഹം നായകനും നിര്‍മാതാവുമായ ‘ദില്‍വാലെ’ക്ക് എതിരെ പ്രതിഷേധത്തിന് കാരണം. ചരിത്രം വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ചാണ് ഭന്‍സാലിയുടെ ചിത്രത്തിനെതിരെ പ്രതിഷേധം.
മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മുംബൈ എന്നിവിടങ്ങളിലാണ് ‘ദില്‍വാലെ’യുടെ പ്രദര്‍ശനത്തിന് എതിരെ പ്രതിഷേധമുണ്ടായത്. ബി.ജെ.പി, യുവമോര്‍ച്ച, വി.എച്ച്.പി, ബജ്റംഗ്ദള്‍ തുടങ്ങിയ സംഘടനകളാണ് ഷാറൂഖിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്. ‘ദില്‍വാലെ’യുടെ പോസ്റ്ററുകള്‍ കത്തിച്ചു. രാജസ്ഥാനില്‍ ബജ്റംഗ്ദള്‍ സിനിമാ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് ഹരജി നല്‍കി. മുംബൈയില്‍ ‘ദില്‍വാലെ’ ബഹിഷ്കരിക്കാന്‍ എം.എന്‍.എസിന്‍െറ ട്രേഡ് യൂനിയന്‍ ആഹ്വാനം ചെയ്തെങ്കിലും പ്രതിഷേധവുമായി രംഗത്തുവന്നിട്ടില്ല. വരള്‍ച്ചദുരിതം അനുഭവിക്കുന്ന മഹാരാഷ്ട്രയിലെ കര്‍ഷകരെ ഷാറൂഖ് ഖാന്‍ സഹായിച്ചില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രേഡ് യൂനിയന്‍െറ ബഹിഷ്കരണ ആഹ്വാനം. എം.എന്‍.എസിന്‍െറ ഒൗദ്യോഗിക നിലപാടല്ളെന്ന് പാര്‍ട്ടി തലവന്‍ രാജ് താക്കറെ വ്യക്തമാക്കിയെങ്കിലും ട്രേഡ് യൂനിയന്‍ ഉന്നയിച്ച വിഷയം കാതലുള്ളതാണെന്ന് പറഞ്ഞിരുന്നു.
രണ്‍വീര്‍ സിങ്, ദീപിക പാദുകോണ്‍ എന്നിവര്‍ നായികാ നായകന്മാരായ ‘ബാജിറാവു മസ്താനി’ക്ക് എതിരെ പുണെയില്‍ യുവമോര്‍ച്ചയാണ് പ്രതിഷേധിച്ചത്. പ്രദര്‍ശനം മുടങ്ങി.
അഞ്ചാം മറാത്താ ചക്രവര്‍ത്തിയുടെ പ്രധാനമന്ത്രിയായിരുന്ന ബാജിറാവു ഒന്നാമനും അദ്ദേഹത്തിന്‍െറ രണ്ടാം ഭാര്യ മസ്താനിയും തമ്മിലെ പ്രണയമാണ് ‘ബാജിറാവു മസ്താനി’യുടെ ഇതിവൃത്തം.
ബാജിറാവുവിന്‍െറ പിന്മുറക്കാരും സിനിമക്കെതിരെ രംഗത്തുണ്ട്. ‘ബാജിറാവു മസ്താനി’യുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി ബോംബെ ഹൈകോടതി വെള്ളിയാഴ്ച തള്ളി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.