ഉഡ്ത പഞ്ചാബ്: കാശ്യപ്-നിഹലാനി പോര് കൊഴുക്കുന്നു

മുംബൈ: ഉഡ്ത പഞ്ചാബ് സിനിമയുടെ പേരില്‍, മോദിഭക്തനായി അറിയപ്പെടുന്ന സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്ലജ് നിഹലാനിയും പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപും തമ്മിലെ പോര് കൊഴുക്കുന്നു. ചിത്രത്തിന് 89 കട്ടും പേരുമാറ്റവും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതിനെതിരെ കാശ്യപ് ബോംബെ ഹൈകോടതിയെ സമീപിച്ചു.

നിഹലാനി  സ്വേച്ഛാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി (ആപ്)യില്‍നിന്ന് കാശ്യപ് ഈ സിനിമക്കായി പണം വാങ്ങിയെന്നും സിനിമാവൃത്തങ്ങളില്‍ ഇത് സംസാരവിഷയമാണെന്നുമുള്ള  കടുത്ത ആരോപണം നിഹലാനി ഉന്നയിച്ചു. ടൈംസ്നൗ ചാനലിനോടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

പഞ്ചാബിലെ മയക്കുമരുന്നിന്‍െറ അമിതോപയോഗവും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ചിത്രത്തിന്‍െറ  ഇതിവൃത്തം. സിനിമയുടെ പേരില്‍നിന്ന് പഞ്ചാബ് നീക്കംചെയ്യണം, മറ്റു നഗരങ്ങളുടെ പേര് പരാമര്‍ശിക്കരുത്, രാഷ്ട്രീയക്കാര്‍ക്കെതിരായ പ്രയോഗങ്ങള്‍ മാറ്റണം തുടങ്ങി 89 കട്ടുകളാണ് നിഹലാനി നിര്‍ദേശിച്ചത്.
എന്നാല്‍, നിഹലാനിയുടെ ഇടപെടല്‍ രാഷ്ട്രീയകാരണങ്ങളാലാണെന്നാണ് വിലയിരുത്തല്‍. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് നിഹലാനിയെ നിയമിച്ചത്. അകാലിദള്‍-ബി.ജെ.പി സഖ്യമാണ് പഞ്ചാബ് ഭരിക്കുന്നത്. മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുകയും ചെയ്യുന്നു.
ഈ സാഹചര്യത്തില്‍ പഞ്ചാബിനെ മോശമായി ചിത്രീകരിക്കുന്ന സിനിമ രാഷ്ട്രീയമായി ദോഷം ചെയ്യുന്നത് തടയിടാനാണ് സെന്‍സര്‍ ഇടപെടല്‍ എന്നാണ് കാശ്യപും കൂട്ടരും പറയുന്നത്. മഹേഷ് ഭട്ട്, ഹന്‍സല്‍ മത്തേ, അശോക് പണ്ഡിറ്റ്, കരണ്‍ ജോഹര്‍, ഫര്‍ഹാന്‍ അക്തര്‍ തുടങ്ങിയ പ്രമുഖരും  കാശ്യപിനെ പിന്തുണച്ച് രംഗത്തത്തെി.

  യാഥാര്‍ഥ്യം പ്രതിഫലിപ്പിക്കുന്ന സിനിമകളെ എന്തുകൊണ്ടാണ് ഭരണകൂടം ഭയപ്പെടുന്നതെന്ന് ഹന്‍സല്‍ മത്തേ ചോദിച്ചു. സെന്‍സര്‍ ബോര്‍ഡ് ഭീതിയുടെ കുഞ്ഞും അവഗണനയുടെ പിതാവുമാണെന്നായിരുന്നു  ട്വിറ്ററിലൂടെ മഹേഷ് ഭട്ടിന്‍െറ പ്രതികരണം.
എന്നാല്‍, ആരോപണം നിഹലാനി തള്ളി. സെന്‍സറിങ്ങില്‍ കേന്ദ്രം ഇടപെട്ടിട്ടില്ളെന്നും രാഷ്ട്രീയ സമ്മര്‍ദമില്ളെന്നും അദ്ദേഹം അവകാശപ്പെട്ടു. കാശ്യപിന്‍െറ ഹരജി ഫയലില്‍ സ്വീകരിച്ച കോടതി വ്യാഴാഴ്ച വാദംകേള്‍ക്കും. പഞ്ചാബില്‍  ആപ്പിന് അധികാരതാല്‍പര്യമുണ്ടെന്നതാണ് ആ പാര്‍ട്ടിയെ ബന്ധപ്പെടുത്തി ആരോപണമുന്നയിക്കാന്‍ നിഹലാനിയെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.