സെൻസറിങ്ങല്ല, സർട്ടിഫിക്കറ്റ് നൽകലാണ് നിങ്ങളുടെ ജോലി -സെൻസർ ബോർഡിനോട് കോടതി

പൂണെ:  ബോളിവുഡ് ചിത്രം ഉഡ്ത പഞ്ചാബ് വിവാദത്തിൽ സെൻസർ ബോർഡിന് ബോംബെ ഹൈകോടതിയുടെ രൂക്ഷ വിമർശം. സിനിമ സെൻസർ ചെയ്യുകയല്ല, സർട്ടിഫിക്കറ്റ് നൽകുകയാണ് ബോർഡിന്‍റെ ജോലിയെന്ന് കോടതി ചൂണ്ടിക്കാട്ടി.  ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെങ്കിൽ ചിത്രം നിരോധിക്കുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു.

ടി.വി പരിപാടികളും സിനിമയും ഒരു സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്നുണ്ടോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ജനങ്ങൾക്ക് അവസരം നൽകുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.

എന്നാൽ ചിത്രത്തിലെ അശ്ലീല വാക്കുകളും രംഗങ്ങളും ഒഴിവാക്കണമെന്ന് സെൻസർ ബോർഡും കോടതിയിൽ വാദിച്ചു.പട്ടിക്ക്  ജാക്കി ചാൻ എന്ന പേര് നൽകിയത് നിന്ദയാണെന്നും ബോർഡ് കോടതിയിൽ പറഞ്ഞു.

കേസിൽ ജൂൺ 13ന് വിധി പുറപ്പെടുവിക്കും. ചിത്രത്തിന്‍റെ നിർമാതാവും ബോളിവുഡ് സംവിധായകനുമായ അനുരാഗ് കശ്യപാണ് സെൻസറിങ്ങ് നൽകാത്തത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. ചിത്രത്തിൽ 94 കട്ടുകൾ വേണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. പഞ്ചാബ്, ജഷ്നപുര, ജലന്ദർ, ഛണ്ഡിഗഡ്, അമൃത്സർ,  മോഗ, ലുധിയാന എന്നീ സ്ഥല നാമങ്ങൾ, ജാക്കി ചാൻ എന്ന പട്ടി, തെരഞ്ഞെടുപ്പ്, എം.പി, എം.എൽ.എ തുടങ്ങിയ കട്ടുകളാണ് ബോർഡ് നിർദേശിച്ചത്.

ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, കരീന കപൂര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഉഡ്ത പഞ്ചാബ്. രാജീവ് രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹകൻ. അമിത് ത്രിവേദിയാണ് സംഗീതം. പഞ്ചാബിലെ മയക്കുമരുന്നിന്‍െറ അമിതോപയോഗവും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ചിത്രത്തിന്‍െറ  ഇതിവൃത്തം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.