കൊച്ചി: നടി ഷംന കാസിമിനേയും മോഡലുകളേയും ബ്ലാക്ക് മെയിൽ ചെയ്ത കേസില്‍ സിനിമാരംഗത്തുള്ള കൂടുതൽ പേരുടെ മൊഴിയെടുക്കും. തട്ടിപ്പ് സംഘം സ്വർണക്കടത്തിനായി പല നടീനടന്മാരേയും സമീപിച്ചിട്ടുണ്ടെന്ന വിവര ലഭിച്ചതിനെ തുടർന്നാണിത്. നടി ഷംനാ കാസിമിന്‍റെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. തിങ്കളാഴ്ച ഹൈദരാബാദിൽ നിന്നെത്തിയ ഷംന ഇപ്പോൾ ക്വാറന്‍റീനിൽ കഴിയുകയാണ്. അതിനാൽ ഓണ്‍ലൈന്‍ വഴിയാണ് ഷംനയുടെ മൊഴി രേഖപ്പെടുത്തുക.
ഗൾഫിൽ നിന്നും സ്വർണ്ണക്കടത്ത് തന്നെയായിരുന്നു സംഘത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിനു വേണ്ടിയാണ് താരങ്ങളെയും മോഡലുകളെയും സമീപിച്ചത്. ഗൾഫ് മേഖലയിൽ പതിവായി സ്റ്റേജ് ഷോകളുമായെത്തുന്നവരെയാണ് കൂടുതലും ലക്ഷ്യംവെച്ചത്. മിമിക്രി രംഗത്തു നിന്നും സിനിമ രംഗത്തെത്തിയവരായിരുന്നു ഇതിൽ പ്രധാനം.
തട്ടിപ്പിന്‍റെ സൂത്രധാരൻ വിദേശത്തായിരുന്നു. നാട്ടിലെത്തിയ ഇയാൾ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. രോഗം ഭേദമാകുന്നതിനു അനുസരിച്ചു ഇയാളെ കസ്റ്റഡിയിൽ എടുക്കും. ഷംന കാസിമിന്‍റെ രക്ഷിതാക്കളുടെ മൊഴി ഇന്നലെ വീണ്ടും രേഖപ്പെടുത്തി. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും വ്യക്തമായിട്ടുണ്ട്.
ഷംനയുടേതക്കമുള്ള താരങ്ങളുടെ ഫോൺ നമ്പർ തട്ടിപ്പുകാർക്ക് നൽകിയത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണെന്ന് പൊലീസിന് വ്യക്തമായി. ഷാജി പട്ടിക്കര ഉൾപ്പെടെ സിനിമ മേഖലയിലെ മൂന്നു പേരുടെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ധർമജന്‍റെ മൊഴിയും തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.