പരീക്ഷണങ്ങളുടെ ഇന്ത്യൻ ചലച്ചിത്രമുഖം; കമൽ ഹാസന് ഇന്ന് 70ാം പിറന്നാൾ

ചെന്നൈ: ഇന്ത്യൻ സിനിമയിലെ അദ്ഭുത പ്രതിഭാസമായ കമൽ ഹാസന് ഇന്ന് എഴുപതാം പിറന്നാൾ. പരീക്ഷണങ്ങളാണ് കമൽ ഹാസന്റെ സിനിമ ജീവിതം മുഴുക്കെയും. ‘അപൂർവ സഹോദരങ്ങളും’ ‘അവ്വൈ ഷൺമുഖി’യുമൊക്കെ കാണികൾക്ക് തിരശ്ശീലയിലെ വിസ്മയക്കാഴ്ചകളായിരുന്നു.

സിനിമയിലെ കഥാപാത്രങ്ങളിൽ നിരന്തരം പരീക്ഷണങ്ങൾ നടത്തുന്ന കമൽ ഹാസന്റെ നിശബ്ദ ചിത്രമായ പുഷ്പകവിമാനം, ഇന്ത്യന്‍, ദശാവതാരം തുടങ്ങിയ ചിത്രങ്ങളെല്ലാം പരീക്ഷണ സിനിമകളായാണ് അറിയപ്പെടുന്നത്. നിലപാടുകൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ നടൻ സമൂഹത്തി​ലെ അന്ധവിശ്വാസങ്ങൾക്കെതിരെ എന്നും നിലകൊണ്ട നടനാണ്. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിന് ഇന്ത്യയിൽ നിന്ന് സമർപ്പിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കമൽ ഹാസന്റെ ചിത്രങ്ങളാണ്.


അഭിനയം, നിർമാണം, കഥ, തിരക്കഥ, ഗാനരചന, ഗായകൻ, നർത്തകൻ, നൃത്തസംവിധായകന്‍ എന്നിങ്ങനെ ചലച്ചിത്ര മേഖലയുടെ എല്ലാ രം​ഗത്തും ഒരുപോലെ മികവ് തെളിയിച്ച സകലകലാവല്ലഭൻ. മലയാളപ്രേക്ഷകർക്കും അത്രമേൽ പ്രിയങ്കരനാണ് കമൽ ഹാസൻ. ആദ്യകാലത്ത് നടി ശ്രീവിദ്യക്കും സഹീന വഹാബിനുമൊപ്പം മലയാളത്തിൽ നിറഞ്ഞാടിയ നടൻ കൂടിയാണ് കമൽ. തമിഴ്, മലയാളം, കന്നഡ, തെലുഗു, ബംഗാളി, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം അദ്ദേഹം അഭിനയിച്ചു. ബോക്സ് ഓഫിസ് തൂത്തുവാരിയ നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ലിസ്റ്റിലുള്ളത്. 1960 ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ്. അവിടുന്നിങ്ങോട്ട് കലാമൂല്യമുള്ളതും വാണിജ്യ സിനിമകളുമായി അദ്ദേഹം തന്റെ സിനിമാ യാത്ര തുടരുന്നു.


മികച്ച നടനുള്ള നാല് ദേശീയ പുരസ്കാരങ്ങൾ, 19 ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, സിനിമയിലെ സംഭാവനകള്‍ക്ക് കലൈമാമണി, പത്മശ്രീ, പദ്മഭൂഷണ്‍ തുടങ്ങി എണ്ണമറ്റ പുരസ്‌ക്കാരങ്ങള്‍. 2016ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ കമലിനെ പ്രശസ്തമായ ‘ഷെവലിയര്‍’ ബഹുമതി നല്‍കി ആദരിച്ചു.

മതേതരമായ കാഴ്ചപ്പാടോടെ ‘മക്കൾ നീതി മയ്യം’ എന്ന രാഷ്ട്രീയ പാർട്ടിയും അദ്ദേഹം രൂപവത്കരിച്ചു. എന്നാൽ വേണ്ടത്ര വിജയിക്കാൻ രാഷ്ട്രീയത്തിൽ അദ്ദേഹത്തിനു കഴിഞ്ഞില്ല.

പലപ്പോഴായി പലവിധ കാരണങ്ങളാൽ അണികളും നേതാക്കളും പാർട്ടി വിട്ടു. ‘ഇൻഡ്യ’ മുന്നണിയുടെ ഭാ​ഗമായാണ് ഇപ്പോൾ മക്കൾ നീതിമയ്യം. മനുഷ്യത്വം, കമ്യൂണിസം, ​ഗാന്ധിസം, നിരീശ്വരവാദം തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ തിരക്കഥകളിലും നിറഞ്ഞു നിന്നു.


മണിരത്‌നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ എന്ന ചിത്രമാണ് ഇനി കമൽ ഹാസന്റേതായി വരാനിരിക്കുന്ന ചിത്രം. തന്നെയും പ്രേക്ഷകരെയും അദ്ഭുതപ്പെടുത്തുന്ന സിനിമകൾക്കായി കാത്തിരിക്കുകയാണ് ഈ നടൻ. 1954 നവംബർ ഏഴിന് ചെന്നൈക്കടുത്ത പരംകുടിയിലാണ് കമൽ ഹാസന്റെ ജനനം. പിതാവ് അഭിഭാഷകകനും നിയമജ്ഞനുമായ ഡി. ശ്രീനിവാസൻ. മാതാവ് രാജലക്ഷ്മി. മക്കൾ: നടി ശ്രുതി ഹാസൻ, അക്ഷര ഹാസൻ. 

Tags:    
News Summary - Indian film version of Experiments; Today is Kamal Haasan's 70th birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.