'സ്വപ്‌നങ്ങൾ പൂർത്തിയാകും മുമ്പ് നീല നിശബ്ദതയിലേക്ക് തിരിച്ചു നടന്ന പ്രിയ സാജൻ'

ലഡാക്കിലെ സിനിമാ ചിത്രീകരണത്തിനിടെ മരിച്ച യുവ സംവിധായകൻ സാജൻ കുര്യനെ അനുസ്മരിച്ച് നടൻ ജോയ്മാത്യു. ഫേസ്ബുക്കിലാണ് സാജനെ അനുസ്മരിച്ച് കുറിപ്പെഴുതിയത്. മരണം മുമ്പും തനിക്ക് മുന്നിലൂടെ ഘോഷയാത്ര നടത്തിയിട്ടുണ്ടെന്നും ഇത്തവണ അത് കാശ്മീരിലെ ലഡാക്കിലായിരുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. സിനിമയോടുള്ള അഗാധ പ്രണയം നിറഞ്ഞ ഒരാളായിരുന്നു സാജനെന്നും അതാണ് അദ്ദേഹത്തിലേക്ക് തന്നെ അടുപ്പിച്ചതെന്നും ജോയ്മാത്യു കുറിച്ചു. 'സ്വപ്‌നങ്ങൾ പൂർത്തിയാകും മുമ്പ് നീല നിശബ്ദതയിലേക്ക് തിരിച്ചു നടന്ന പ്രിയ സാജൻ നിന്റെ ഓർമ്മകൾക്ക് മുൻപിൽ എന്റെ നിശബ്ദത കൂടി' എന്ന് പറഞ്ഞാണ്  ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ലഡാക്കിലെ അതിശൈത്യത്തെ തുടര്‍ന്നാണ് സാജൻ മരണത്തിന് കീഴടങ്ങിയത്. ഷൈന്‍ ടോം ചാക്കോ നായകനായ ബൈബിളിയോ എന്ന സിനിമയുടെ ചിത്രീകരണത്തിന് ലഡാക്കിലെത്തിയതായിരുന്നു സാജനും സംഘവും. ജോയ് മാത്യുവും സംഘത്തിലുണ്ടായിരുന്നുവെങ്കിലും രണ്ടുദിവസം മുമ്പ് അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയിരുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

സാജൻ കുര്യൻ ......
മരണം മുന്പും എനിക്ക് മുന്നിലൂടെ ഘോഷയാത്ര നടത്തിയിട്ടുണ്ട് .
ഇത്തവണ അത് കാശ്മീരിലെ ലഡാക്കിലായിരുന്നു .തണുത്തുറഞ്ഞ ഹിമവൽ ഭൂമിയിലൂടെ യാത്രതിരിച്ച്ചപ്പോൾ ഞാൻ ഉടക്കിയിരുന്നു ,എന്റെ വിസമ്മതം പ്രകടിപ്പിച്ചിരുന്നു .പക്ഷെ സിനിമയോടുള്ള അഗാധ പ്രണയം നിറഞ്ഞ ആ ചെറുപ്പക്കാരന്റെ കണ്ണുകൾ കണ്ടപ്പോൾ ഞാൻ എന്റെ വാദം പിൻവലിച്ചു .സമുദ്രനിരപ്പിൽ നിന്നും പതിനാലായിരം അടി ഉയരത്തിലേക്ക് പോകണം ,
ഇന്ത്യാ-ചൈന അതിർത്തിയായ pangong lake ഷൂട്ട് ചെയ്യണം ,അവിടെനിന്നും നിലാച്ചന്ദ്രനെ തന്റെ ക്യാമറയിൽ ആവാഹിക്കണം എന്നൊക്കെയുള്ള ആഗ്രഹങ്ങളുടെ ഒരു ആകാശം ആ ചെറുപ്പക്കാരന്റെ കണ്ണുകളിൽ ഞാൻ കണ്ടു .അങ്ങിനെ പാൻ ഗോങ്ങ് തടാകത്തിന്റെ നീല നിശബ്ദതയിൽ ശ്വസിക്കാൻ വിമ്മിഷ്ടപ്പെട്ടു ഞങ്ങൾ അയാളുടെ ആഗ്രഹം നിവർത്തിച്ചു പണിയെടുത്തു ;തിരിച്ചുപോന്നു.
പക്ഷെ ഞങ്ങൾ അറിയാതെ ഒരാൾകൂടി അവിടെ നിന്നും ഞങ്ങളോടൊപ്പം കൂടി ,ഞങ്ങളാരും അറിഞ്ഞില്ല ,അയാളുടെ തണുപ്പുമാത്രം ഞങ്ങൾ അനുഭവിച്ചു ...
ആളെ ഞങ്ങളാരും കണ്ടില്ല .പക്ഷേ അയാൾ ഞങ്ങൾ എല്ലാവരേയും കണ്ടു ,ഒടുവിൽ അയാൾക്ക്‌ ഇഷ്ടപ്പെട്ട ഒരാളെ അയാൾ കൊണ്ടുപോയി ,നിശബ്ദനീല തടാകത്തിന്റെ തണുപ്പിലേക്ക് ,
മരണത്തിലേക്ക് ....
സാജൻ കുര്യനെ എനിക്ക് കേവലം പത്തു ദിവസത്തെ പരിചയമേ ഉള്ളൂ ,സിനിമയോടുള്ള അയാളുടെ അഗാധ പ്രണയം എന്നെ അയാളിലേക്കടുപ്പിച്ചു ,പൂർത്തിയാകാതെപോയ ആ ചെറുപ്പക്കാരന്റെ BIBLIO എന്നാസിനിമയിൽ ഞാൻ പറയുന്ന ,എന്നെക്കൊണ്ട് പറയിക്കുന്ന വാക്കുകൾ മരണം ചുവയ്ക്കുന്നതാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു
അതിങ്ങിനെയാണ്
Me : Did You find something ?
Stranger : No
Me : so we have to cross the river
sranger : (Silence)
Me : is there any other possibilities to find him ?
സ്വപ്‌നങ്ങൾ പൂർത്തിയാകും മുൻപ് നീല നിശബ്ദതയിലേക്കു തിരിച്ചു നടന്ന പ്രിയ സാജൻ ,നിന്റെ ഓർമ്മകൾക്ക് മുൻപിൽ എന്റെ നിശബ്ദത കൂടി ......

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.