യാത്രയായത് കൊണ്ടോട്ടിക്കാരുടെ കുഞ്ഞാപ്പു

കൊണ്ടോട്ടി: തന്‍െറ ചുറ്റിലുമുള്ള പച്ചമനുഷ്യന്‍െറ വേദനകളെയാണ് ടി.എ. റസാഖ് വെള്ളിത്തിരയിലേക്ക് പറിച്ചുനട്ടത്. കൊണ്ടോട്ടിയില്‍ താന്‍ ജീവിച്ച പരിസരവും പ്രദേശങ്ങളും മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തില്‍ പലപ്പോഴും പ്രമേയമായി കടന്നുവന്നു. ഗസലും ബസ് കണ്ടക്ടറും ആയിരത്തില്‍ ഒരുവനുമടക്കം മലയാളി ആസ്വദിച്ച നിരവധി ചിത്രങ്ങളില്‍ ഈ നാടിന്‍െറ കഥയും ചരിത്രവും ചര്‍ച്ചയായി. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരടക്കമുള്ളവരോട് അടുത്തബന്ധം പുലര്‍ത്തിയ റസാഖ് നാട്ടിലെ സാധാരണക്കാരനോടും ഇതേ അടുപ്പം കാത്തുസൂക്ഷിച്ചു. മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ഒരു നോക്ക് കാണാനത്തെിയ ആയിരങ്ങള്‍ ആ ആത്മബന്ധം വിളിച്ചോതി.

മഹാകവിയായ മോയിന്‍കുട്ടി വൈദ്യരുടെ പേരില്‍ സ്ഥാപിച്ച അക്കാദമിയില്‍ ആദ്യമായി പൊതുദര്‍ശനത്തിന് വെച്ചത് ടി.എ. റസാഖിന്‍െറ മൃതദേഹമാണ്. കൊണ്ടോട്ടിയിലെ തുറക്കല്‍ എന്ന ഗ്രാമത്തില്‍നിന്ന് രചനാവൈഭവത്തിലൂടെ ചലച്ചിത്രലോകത്ത് ഇടം കണ്ടത്തെിയ തിരക്കഥാകൃത്താണ് റസാഖ്.
കുഞ്ഞാപ്പുവെന്നായിരുന്നു വിളിപ്പേര്. നാടകത്തിലൂടെയും മിമിക്രിയിലൂടെയും വേദിയിലത്തെിയ റസാഖിനെ, ചെറുകഥകളെഴുതിയിരുന്ന ഇളംപ്രായത്തില്‍ പിതാവ് ടി.എ. ബാപ്പുവാണ് പുസ്തകങ്ങളുടെ ലോകത്തേക്ക് കൊണ്ടുവന്നത്.

സി.പി.എം ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍, മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ. ഖാദര്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി പി.പി. സുനീര്‍, സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ടി.കെ. ഹംസ, വി.എം. കുട്ടി, സംവിധായകരായ ഷാജുണ്‍ കാര്യാല്‍, ശശികുമാര്‍, നടന്‍മാരായ കോഴിക്കോട് നാരായണന്‍ നായര്‍, വിജയന്‍ കാരന്തൂര്‍, മുസ്തഫ, ഗായകന്‍ ഷഹബാസ് അമന്‍ തുടങ്ങി രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിക്കാനത്തെി.

അന്ത്യോപചാരമര്‍പ്പിച്ച് സാംസ്കാരിക ലോകം

അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ടി.എ. റസാഖിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ സിനിമാലോകത്തെ പ്രമുഖര്‍ കോഴിക്കോട് ടൗണ്‍ഹാളിലത്തെി. താരങ്ങളായ മമ്മൂട്ടി,മോഹന്‍ലാല്‍, ജയറാം, മനോജ് കെ. ജയന്‍, ബിജു മേനോന്‍, ലാല്‍, കൈലാഷ്, അബൂ സലിം,   സംവിധായകരായ കമല്‍, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, രഞ്ജിത്, രഞ്ജി പണിക്കര്‍, സിബി മലയില്‍, ഷാജി കൈലാസ് തുടങ്ങിയവരും മന്ത്രി ടി.പി. രാമകൃഷ്ണന്‍, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, ഡോ. എം.കെ. മുനീര്‍, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എ. ബേബി, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, അഡ്വ. പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവരും ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.