നോവിന്‍ പെരുമഴക്കാലമായി ഷാഹിദിന് പിന്നാലെ ഇക്കാക്ക

മലപ്പുറം: പത്താം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ട ടി.എ. ഷാഹിദിന് എല്ലാമായിരുന്നു ഇക്കാക്ക ടി.എ. റസാഖ്. തന്നേക്കാള്‍ 14 വയസ്സിന് ഇളയവനായ ഷാഹിദിന് ഉപ്പയുടെയും ജ്യേഷ്ഠന്‍െറയും സ്നേഹം ഒരുപോലെ നല്‍കിയാണ് വളര്‍ത്തിയതെന്ന സഹോദരന്‍െറ വിയോഗത്തിന് ശേഷം റസാഖ് പറയുകയുണ്ടായി.

റസാഖിന്‍െറ വഴിയിലാണ് ഷാഹിദും സഞ്ചരിച്ചത്. പ്രിയപ്പെട്ട അനുജന്‍ 40ാം വയസ്സില്‍ യാത്രയാവുന്നത് കാണാനായിരുന്നു വിധി. ഷാഹിദിനെക്കുറിച്ച് റസാഖിന്‍െറ ഓര്‍മ: ‘ഉപ്പ മരിച്ചപ്പോള്‍ ഞാനവനോട് പറഞ്ഞു കരയണ്ടാന്ന്. പിന്നെ കരഞ്ഞിട്ടില്ല. ഞാനാണവനെ നോക്കി വളര്‍ത്തിയത്. സിനിമയില്‍ വരണമെന്ന് പറഞ്ഞു. ഉമ്മ നിര്‍ബന്ധിച്ചപ്പോള്‍ സിനിമയില്‍ കൊണ്ടുവന്നു. പിന്നെ എന്‍െറ കുടെ ഉണ്ടായിരുന്നു. അവന്‍ സ്വന്തം പരിശ്രമംകൊണ്ട് തിരക്കഥകള്‍ എഴുതാന്‍ തുടങ്ങി. എന്‍േറത് എടുത്തു വായിക്കുകയും ചെയ്യും.

എഴുതിക്കഴിഞ്ഞ കഥകള്‍ ഞാനവനോട് മാറ്റിയെഴുതാന്‍ പറഞ്ഞു. പിന്നെ ഞാനുണ്ട് എന്ന ധൈര്യം കൊടുത്തു’.  തിരക്കഥാകൃത്ത് ടി.എ. ഷാഹിദ് മരിച്ച് നാല് വര്‍ഷം പൂര്‍ത്തിയാവാന്‍ ഒരു മാസം ശേഷിക്കെയാണ് റസാഖും വിടവാങ്ങുന്നത്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ രചന റസാഖിന്‍െറതാവണമെന്ന സ്വപ്നമുണ്ടായിരുന്നു ഷാഹിദിന്. അതിന്‍െറ പണിപ്പുരയിലിരിക്കെയാണ് 2012 സെപ്റ്റംബറില്‍ ഷാഹിദിന്‍െറ വിയോഗം.

ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഇക്കഴിഞ്ഞ ജൂലൈ 30ന് റസാഖ് ഫേസ്ബുക്കില്‍ കുറിച്ചു: ‘ഇടയ്ക്ക് കുറച്ചുനാള്‍ നമുക്കിടയില്‍ ഒരു മൗനത്തിന്‍െറ പുഴ വളര്‍ന്നേക്കാം... കണ്ണേ അകലുന്നുള്ളൂ, ഖല്‍ബ് അകലുന്നില്ല’. കണ്ണില്‍ നിന്നകന്നാലും കഥകളിലൂടെ മലയാളിയുടെ ഖല്‍ബില്‍ റസാഖ് എന്നുമുണ്ടാവും’.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.