മലയാള സിനിമയുടെ ഗതിമാറ്റിയ സംവിധായകന്‍

പുതുമുഖ സംവിധായകരില്‍ ഏറ്റവും ശ്രദ്ധേയനായ ആളായിരുന്നു രാജേഷ് പിള്ള. നാല് സിനിമകള്‍ മാത്രമാണ് അദ്ദേഹം മലയാളത്തില്‍ ചെയ്തത്. ആദ്യസിനിമ പരാജയപ്പെട്ടെങ്കിലും മറ്റ് മൂന്നെണ്ണം അദ്ദേഹത്തിന്‍െറ പ്രതിഭ വിളിച്ചോതുന്നതായിരുന്നു. പ്രമേയത്തിലെ പുതുമയും വ്യത്യസ്ഥതയുമാണ് ഈ സിനിമകളുടെയെല്ലാം പ്രത്യേകത. ട്രാഫിക് മുതല്‍ മിലിയും വേട്ടയുമെല്ലാം ആ ഗണത്തില്‍പെടുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പുകൊണ്ട് കഥയെയും കഥാപാത്രങ്ങളെയും സൂക്ഷ്മമായി പഠിച്ചശേഷമാണ് രാജേഷ് സിനിമകള്‍ ചെയ്തിരുന്നത്. തികഞ്ഞ അടക്കത്തോടെ കഥ പറയുന്നതിനൊപ്പം അവതരണത്തില്‍ നടത്തിയ പരീക്ഷണങ്ങളാണ് സംവിധായകനെന്നനിലയില്‍ രാജേഷിനെ മുന്‍നിരയിലത്തെിച്ചത്. മലയാളസിനിമയെ പരീക്ഷണങ്ങളുടെ പുതിയ മേച്ചില്‍ പുറങ്ങളിലേക്ക് ക്ഷണിച്ചശേഷമുള്ള രാജേഷിന്‍െറ വിയോഗം കനത്തനഷ്ടമാണ്.

വിജി തമ്പിയുടെയും രാജീവ് അഞ്ചലിന്‍െറയുമൊക്കെ സംവിധാന സഹായിയായാണ് രാജേഷ് മലയാള സിനിമയിലത്തെുന്നത്. 2005ല്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഭാവനയുമായിരുന്നു പ്രധാന വേഷങ്ങളില്‍. പിന്നണിയില്‍ ഒട്ടനേകം പരിചയസമ്പന്നര്‍ അണിനിരന്നെങ്കിലും ചിത്രം പരാജയപ്പെട്ടു. അതോടെ ആദ്യചിത്രം പരാജയപ്പെട്ട സംവിധായകരുടെ ഗണത്തില്‍ രാജേഷും ഉള്‍പ്പെട്ടു. എന്നാല്‍, സിനിമയോടുള്ള അദ്ദേഹത്തിന്‍െറ ഇഷ്ടം സമാനതകളില്ലാത്തതായിരുന്നെന്ന് മനസ്സിലാകാന്‍ കാലങ്ങള്‍ പിന്നെയും കാത്തിരിക്കേണ്ടിവന്നു.

ആദ്യസിനിമ പരാജയപ്പെട്ടാല്‍ രണ്ടാമത്തെ സിനിമയിലേക്ക് എത്തിപ്പെടാന്‍ അധികമാരും ശ്രമിക്കാറില്ല. രാജേഷാകാട്ടെ ആറുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടും സിനിമയുമായത്തെി. 2011ല്‍ ബോബി-സഞ്ജയ് തിരക്കഥയൊരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാളസിനിമയുടെ ഗതിതന്നെ തിരിച്ചുവിട്ടു. പ്രമേയത്തിലെ പുതുമയായിരുന്നു ആദ്യ ആകര്‍ഷണം. അതുവരെ കണ്ടുശീലിച്ച രീതികളെല്ലാം മാറ്റിയെഴുതിയ സംവിധാന ശൈലികൊണ്ട് രാജേഷ് പുതുമുഖ സംവിധായകരുടെ നേതൃനിരയിലത്തെി. പ്രമേയത്തിലും അവതരണത്തിലും മലയാളസിനിമയില്‍ മാറ്റങ്ങളുടെ വഴിതുറന്നതും രാജേഷിന്‍െറ ട്രാഫിക്കായിരുന്നെന്ന് പറയാം. പിന്നീട് സംഭവിച്ച പരീക്ഷണ സിനിമകളുടെയെല്ലാം തുടക്കവും അവിടെനിന്നായിരുന്നു.  

2015ല്‍ മഹേഷ് നാരായണന്‍െറ തിരക്കഥയില്‍ അമല പോളിനെ നായികയാക്കിയ മിലി സ്ത്രീ കേന്ദ്രീകൃത സിനിമയായിരുന്നു. അന്തര്‍മുഖിയായ മിലിയുടെ കഥപറഞ്ഞ് രാജേഷ് വീണ്ടും അമ്പരപ്പിച്ചു. പ്രേക്ഷകപ്രശംസ നേടിയ ചിത്രം രാജേഷെന്ന സംവിധായകനിലുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു. തികച്ചും വ്യത്യസ്തമാണ് അവസാന ചിത്രം വേട്ട. സൈക്കോ ത്രില്ലര്‍ ഗണത്തില്‍പെട്ട ചിത്രം. അരുണ്‍ലാല്‍ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന വേഷത്തില്‍. ആദദിനം മുതല്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, ചിത്രം റിലീസിനത്തെിയതുപോലും അറിയാതെയാണ് രാജേഷ് യാത്രയായത്. മിലി ചിത്രീകരിക്കുന്ന സമയം മുതല്‍ രോഗം അദ്ദേഹത്തിന്‍െറ ശരീരത്തെ തളര്‍ത്തിയിരുന്നു. എന്നാല്‍, മറ്റൊന്നും ചിന്തിക്കാതെ സിനിമയുടെ പിറകെ നടക്കാനായിരുന്നു ഇഷ്ടം.

വേട്ടയുടെ ചിത്രീകരണത്തിനിടെ രോഗം വെല്ലുവിളിയായെങ്കിലും അതിനെയൊക്കെ അവഗണിച്ചു. ആശുപത്രിക്കിടക്കയില്‍ നിന്നത്തെിയാണ് സിനിമ പൂര്‍ത്തിയാക്കിയത്. ജീവിതത്തെപ്പോലും മറന്നായിരുന്നു രാജേഷ് സിനിമയെ സ്നേഹിച്ചിരുന്നതെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. മലയാളസിനിമയെ സംബന്ധിച്ചിടത്തോളം നഷ്ടങ്ങളുടെ വര്‍ഷമായാണ് 2016ന്‍െറ തുടക്കം. രാജേഷിന്‍െറ വിയോഗത്തിലൂടെ നഷ്ടത്തിന്‍െറ കനം ഏറിയിരിക്കുന്നു.

(തയാറാക്കിയത്: എസ്. ഷാനവാസ്)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.