മണി മരിച്ചിട്ട് മൂന്നുമാസം; കേരള പൊലീസിന് അപഹാസ്യ കാലം

തൃശൂര്‍: മൂന്നുമാസം മുമ്പ് നടന്‍ കലാഭവന്‍ മണി ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് കേരള പൊലീസ് അന്വേഷണത്തില്‍ വരുത്തിയ അലംഭാവം. മണിയുടെ മരണത്തെക്കുറിച്ച് ഉറപ്പിച്ച് ഒരു കാര്യം പറയാന്‍പോലും പൊലീസിനായില്ല. തിരിച്ചും മറിച്ചും വരുന്ന വിവരങ്ങള്‍ക്കു മുമ്പ് അന്തംവിട്ടുനിന്ന കേരള പൊലീസിനെയാണ് ഈ കേസില്‍ കണ്ടത്.

ഇപ്പോള്‍ ജിഷ വധം അന്വേഷിക്കുന്ന പുതിയ സംഘത്തില്‍പെട്ട ക്രൈംബ്രാഞ്ച് എസ്.പി പി.എന്‍. ഉണ്ണിരാജന്‍ മണിയുടെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍െറ ചുമതലക്കാരനായി വന്നിട്ടും ഒന്നും സംഭവിച്ചില്ല. മണിയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ അമിത മദ്യപാനം മരണത്തിന് കാരണമായെന്ന നിഗമനത്തിലാണ് എത്തിയതെങ്കില്‍ കാക്കാനാട് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ രക്തത്തില്‍ കീടനാശിനിയുടെ അംശം കണ്ടത്തെി. അതോടെ അന്വേഷണം തകിടം മറിഞ്ഞു.

പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടത്തെിയ മീഥൈല്‍ ആല്‍ക്കഹോളും ലാബ് പരിശോധനയില്‍ പുറത്തുവന്ന കീടനാശിനിയും മണിയുടെ രക്തത്തില്‍ എങ്ങനെ വന്നെന്ന് പറയാന്‍ അന്വേഷണ ഉദ്യോസ്ഥര്‍ക്കായില്ല. മീഥൈല്‍ ആല്‍ക്കഹോളിന്‍െറയും കീടനാശിനിയുടെയും സാന്നിധ്യത്തിന്‍െറ കാരണം കണ്ടത്തൊന്‍ മണി താമസിച്ച പാഡിയോടുചേര്‍ന്ന പറമ്പ് കുഴിച്ചതും തൊട്ടരികിലൂടെ ഒഴുകുന്ന ചാലക്കുടിപ്പുഴയിലിറങ്ങി പരിശോധിച്ചതും വെറുതെയായി.

ഡി.ജി.പിയായിരുന്ന ടി.പി. സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കേസന്വേഷണം നേര്‍ ദിശയിലാക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. മണിയുടെ സഹായികളായ നാലുപേരെയും നടന്മാരായ സാബുവിനെയും ജാഫര്‍ ഇടുക്കിയെയും ചോദ്യം ചെയ്തതും അന്വേഷണത്തില്‍ വെളിച്ചംവീശിയില്ല. ഈ സാഹചര്യത്തിലാണ് ഉണ്ണിരാജന്‍െറ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചത്. പോസ്റ്റുമോര്‍ട്ടത്തിലെയും ലാബ് പരിശോധനയിലെയും കണ്ടത്തെലുകളുടെ വൈരുദ്ധ്യം അവസാനിപ്പിക്കാനും വ്യക്തമായ നിഗമനത്തിലത്തൊനും ഹൈദരാബാദിലെ കേന്ദ്ര ലാബിലേക്ക് പരിശോധനക്കയച്ച് കാത്തിരിപ്പ് തുടങ്ങുമ്പോള്‍ കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരുന്നു. സ്വാഭാവികമായും മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം തണുത്തു.

എന്നാല്‍, തെരഞ്ഞെടുപ്പ് ചൂടിനെ മറികടക്കുന്ന പെരുമ്പാവൂര്‍ ജിഷ വധം ഇതിനിടക്കാണ് ഉണ്ടായത്. ദേശീയശ്രദ്ധ പതിഞ്ഞ ആ കൊലപാതകം ചര്‍ച്ച ചെയ്യുമ്പോഴും മണിയുടെ മരണം സമസ്യയായി തുടര്‍ന്നു. മണിയുടെ സഹോദരനും ഭാര്യയും അന്വേഷണം ശരിയായ വഴിക്കല്ളെന്ന് പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴും പൊലീസിന് ഒന്നും പറയാനുണ്ടായില്ല. ഏറ്റവുമൊടുവില്‍, ദിവസങ്ങള്‍ക്കു മുമ്പ് ഹൈദരാബാദിലെ ലബോറട്ടറി പരിശോധനാ ഫലം വന്നപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടത്തെലാണ് അംഗീകരിക്കപ്പെട്ടത്.

അതിനെതിരെ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ രംഗത്തുവന്നത് മാത്രമല്ല, അങ്ങനെയെങ്കില്‍ കാക്കനാട് ലാബിലെ പരിശോധനയില്‍ കീടനാശിനി സാന്നിധ്യം കണ്ടത്തെിയത് എങ്ങനെയെന്ന ചോദ്യം വീണ്ടുമുയര്‍ന്നു. മരണത്തിലെ ദുരൂഹതയും അന്വേഷണവും ഒരുപോലെ കുഴഞ്ഞുമറിഞ്ഞ് നീങ്ങുന്നതിനിടക്ക് കഴിഞ്ഞദിവസം രാമകൃഷ്ണന്‍ മുഖ്യമന്ത്രിയെ കണ്ട് സി.ബി.ഐ അന്വേഷണത്തിന് അപേക്ഷിച്ചു. പൊലീസ് ഇനിയും ഇരുട്ടില്‍ തപ്പിയിട്ട് കാര്യമില്ലാത്തതിനാല്‍ അന്വേഷണം സി.ബി.ഐയുടെ കൈകളിലേക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.