സത്യം പുറത്തുവരട്ടെ –മണിയുടെ കുടുംബം

ചാലക്കുടി:കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതകള്‍ സി.ബി.ഐ അന്വേഷണത്തിലൂടെ നീങ്ങട്ടെയെന്ന് അദ്ദേഹത്തിന്‍െറ കുടുംബാംഗങ്ങള്‍. മരണത്തെക്കുറിച്ചുള്ള സത്യാവസ്ഥ പുറത്തുവരണം. സി.ബി.ഐ അന്വേഷണത്തെ ഭാര്യ നിമ്മിയും മകള്‍ ശ്രീലക്ഷ്മിയും സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനുംസ്വാഗതം ചെയ്തു.

 രണ്ട് ദിവസം മുമ്പ്  കുടുംബാംഗങ്ങള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം സമര്‍പ്പിച്ചിരുന്നു. മണി മരിച്ച് മൂന്ന് മാസമായിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമാവാത്ത സാഹചര്യത്തില്‍ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ സി.പി.എം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെയും മന്ത്രി എ.സി. മൊയ്തീനെയും ബി.ഡി. ദേവസി എം.എല്‍.എയും കണ്ട് കാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. ഹൈദരാബാദ് ലാബിലെ പരിശോധനാഫലം പുറത്തുവന്നാല്‍ സത്യാവസ്ഥ വ്യക്തമാവുമെന്ന് കരുതിയിരുന്നു. അതുണ്ടായില്ല.

എങ്ങനെയാണ് സഹോദരന്‍െറ ശരീരത്തില്‍ കീടനാശിനിയുടെയും അപകടകരമായ മീഥൈല്‍ ആല്‍ക്കഹോളിന്‍െറയും അംശം കടന്നത്, മദ്യത്തിലൂടെയാണെങ്കില്‍ എന്തുകൊണ്ട് മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത മറ്റുള്ളവരെ ബാധിച്ചില്ല, അദ്ദേഹം മരണവുമായി മല്ലിടുമ്പോള്‍ എന്തുകൊണ്ട് കൂട്ടാളികള്‍ വിവരം വീട്ടുകാരില്‍നിന്ന് മറച്ചുവെച്ചു, ചികിത്സയില്‍ അപാകതയുണ്ടോ തുടങ്ങിയ സംശയങ്ങള്‍ സി.ബി.ഐ അന്വേഷണത്തിലൂടെ ദൂരീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് ചാലക്കുടിയിലും സെക്രട്ടേറിയറ്റിന് മുന്നിലും സമരം നടത്തിയ സാംബവ മഹാസഭ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനത്തെ സ്വാഗതം ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.