ബംഗളൂരു: നവമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശം നടത്തിയ ബി.ജെ.പിയുടെ മൈസൂരു^കുടക് എം.പി പ്രതാപ് സിംഹക്കെതിരെ നിയമനടപടിയുമായി നടൻ പ്രകാശ് രാജ്. പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് എം.പിക്ക് താരം വക്കീൽ നോട്ടീസ് അയച്ചു. മാപ്പു പറഞ്ഞില്ലെങ്കിൽ ക്രമിനൽ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. നവമാധ്യമങ്ങളിലെ ട്രോൾ ഭീഷണിക്കെതിരെ ഹാഷ്ടാഗ് കാമ്പയിനിനും നടൻ തുടക്കമിട്ടു.
ട്രോൾ ഭീഷണിയുടെ മുഖ്യതലവനാണ് പ്രതാപ് സിംഹയെന്ന് നടൻ കുറ്റപ്പെടുത്തി. യഥാർഥ ജീവിതത്തിൽ താൻ ക്രൂരനാണെന്നും അഞ്ചു വയസ്സുള്ള മകൻ മരിച്ചതിെൻറ ദുഃഖത്തിൽ ഭാര്യ കഴിയുമ്പോഴും താൻ ജീവിതം ആസ്വദിക്കുകയായിരുന്നുവെന്ന അദ്ദേഹത്തിെൻറ പോസ്റ്റ് വേദനിപ്പിച്ചു. അതിനാലാണ് വക്കീൽ നോട്ടീയ് അയക്കാൻ തീരുമാനിച്ചതെന്നും ഇത്തരം ട്രോളുകൾക്ക് അവസാനം കുറിക്കേണ്ടതുണ്ടെന്നും നടൻ ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സിംഹ തുടർച്ചയായി കുറ്റം ചെയ്യുന്നയാളാണ്. അന്തരിച്ച മുൻ മന്ത്രി എച്ച്.എസ്. മഹാദേവ പ്രസാദിെൻറ ഭാര്യ ഗീത ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അവർക്കെതിരെയും അപകീർത്തി പരാമർശം നടത്തിയിരുന്നു. പാർട്ടി സ്ഥാനാർഥിയുടെ പരാജയത്തിനു കാരണം അദ്ദേഹത്തിെൻറ വിവാദ പരാമർശമാണ്.
നഷ്ടപരിഹാരമായി സിംഹയിൽനിന്ന് തനിക്ക് പണം ആവശ്യമില്ല. വിവാദ പരാമർശത്തിനെതിരെ പൊതുജനങ്ങളുടെ മുന്നിൽ മാപ്പു പറയണം.
നവമാധ്യമ അക്കൗണ്ടുകളിൽനിന്ന് വിവാദ പരാമർശം പിൻവലിക്കണം. വക്കീൽ നോട്ടീസിനോട് പ്രതികരിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും പ്രകാശ് രാജ് വ്യക്തമാക്കി. സുഹൃത്തും മുതിർന്ന മാധ്യമപ്രവർത്തകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനംപാലിക്കുന്നതിനെ ചോദ്യംചെയ്ത് പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.