തിരുവനന്തപുരം: സിനിമ നടൻ ശ്രീനാഥിന്‍റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ഭാര്യ ലത. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്ന് ലത മാധ്യമങ്ങളെ അറിയിച്ചു. ശ്രീനാഥിന്‍റെ ശരീരത്തിൽ മറ്റ് മുറിവുകൾ വന്നതിൽ സംശയമുണ്ട്. ഇക്കാര്യങ്ങൾ മറ്റാളുകൾ പറഞ്ഞാണ് അറിഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സത്യാവസ്ഥ പുറത്തു വരണമെന്നും ലത പറഞ്ഞു.
ശ്രീനാഥിന്‍റെ ഫോണും പേഴ്സും സംഭവ സ്ഥലത്ത് നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. 2010ൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ആറു മാസം മുമ്പ് വിവരാവകാശ നിയമ പ്രകാരം കേസിന്‍റെ രേഖകൾ കോതമംഗലം പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും ഫയൽ കാണാനില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതേതുടർന്ന് നിയമപോരാട്ടം ആരംഭിക്കാൻ തീരുമാനിച്ചതെന്നും ലത പറഞ്ഞു.
2010 ഏപ്രിൽ 23ന് കോതമംഗലത്തെ ഹോട്ടൽ മുറിയിലാണ് ശ്രീനാഥിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മോഹൻലാൽ നായകനായ ’ശിക്കാർ’ എന്ന സിനിമയിൽ അഭിനയിക്കാനാണ് അദ്ദേഹം കോതമംഗലത്ത് എത്തിയത്. ലൊക്കേഷനിൽ എത്തിയ ശേഷം സിനിമയിൽ നിന്ന് ഒഴിവാക്കപ്പെെട്ടന്നറിഞ്ഞ് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പൊലീസ് നിലപാട്. താരസംഘടനയിൽ അംഗത്വമില്ലാതിരുന്നതിനാലാണ് ഒഴിവാക്കപ്പെട്ടതെന്നും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.