കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിൽ നടൻ അജു വർഗീസിന്‍റെ മൊഴിയെടുത്തു. കളമശ്ശേരി പൊലീസ് വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. ഉച്ചക്ക് 11.30 മണിക്ക് ആരംഭിച്ച മൊഴിയെടുപ്പ് രണ്ടു വരെ നീണ്ടുനിന്നു.
സോഷ്യൽ മീഡിയ വഴി ആക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയതായി അജു അന്വേഷണ സംഘത്തോട് സമ്മതിച്ചു. ഇതിനായി ഉപയോഗിച്ച മൊബൈൽ ഫോൺ അജു പൊലീസിനു കൈമാറി. പേരു വെളിപ്പെടുത്താൻ പാടില്ലെന്ന കാര്യം അറിയില്ലായിരുന്നെന്നും അറിഞ്ഞ ഉടൻ പരസ്യമായി ഖേദം പ്രകിടിപ്പിച്ചതായും അജു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ, ഖേദപ്രകടനത്തിന് നിയമസാധുതയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അജു കൈമാറിയ ഫോൺ സൈബർ ഫൊറൻസിക് വിഭാഗത്തിൽ പരിശോധന നടത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു നീങ്ങും. ചില കുറ്റകൃത്യങ്ങളിൽ ഇരയുടെ പേര് വെളിപ്പെടുത്തുന്നതു തടയുന്ന ഐ.പി.സി 228 എ പ്രകാരമാണ് അജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ചാനൽ ചർച്ചയിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.