അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. ശനിയാഴ്ച വൈകീട്ട് അഞ്ചു മണിവരെ കസ്റ്റഡി നീട്ടികൊണ്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ദിലീപിന്‍റെ ജാമ്യാപേക്ഷ നാളെ ഉച്ചക്ക് കോടതി പരിഗണിക്കും.
ദിലീപിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ വാദിച്ചു. പ്രതി നടത്തിയത് ഗുരുതര കുറ്റകൃത്യമാണ്. ചോദ്യംചെയ്യൽ പൂർത്തിയായിട്ടില്ല. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കേസാണിത്. ആവശ്യമെങ്കിൽ കേസ് ഡയറി സീൽവെച്ച കവറിൽ കോടതിയിൽ ഹാജരാക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
എന്നാൽ, പ്രോസിക്യൂഷൻ വാദത്തെ ദിലീപിന്‍റെ അഭിഭാഷകൻ അഡ്വ. രാം കുമാർ എതിർത്തു. ഒന്നാം പ്രതിയിൽ നിന്നും ലഭിക്കാത്ത തൊണ്ടി മുതലായ മൊബൈൽ ഫോൺ പതിനൊന്നാം പ്രതിയിൽ നിന്ന് ലഭിക്കുമോ എന്ന് രാം കുമാർ കോടതിയിൽ ചോദിച്ചു.
സാക്ഷികളില്ലാത്തതിനാൽ മാപ്പുസാക്ഷിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസെന്ന് രാം കുമാർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഒന്നാം പ്രതിയുടെ കാണാതായ മൊബൈൽ ഫോൺ കണ്ടെത്തി കൊടുക്കേണ്ട ആവശ്യം മറ്റ് പ്രതികൾക്കില്ലെന്നും രാം കുമാർ ചൂണ്ടിക്കാട്ടി.
പ്രതിക്കെതിരായ തെളിവുകൾ അന്വേഷണ സംഘത്തിന്‍റെ പക്കലുണ്ടെന്നും പൊലീസ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അഡ്വ. എ. സുരേശൻ മാധ്യമങ്ങളോട് പറഞ്ഞു.
റിമാൻഡ് റിപ്പോർട്ടിനെ എതിർത്ത് കഴിഞ്ഞ ദിവസം പ്രതിഭാഗം ഉന്നയിച്ച വാദങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. സത്യവാങ്മൂലം വ്യാഴാഴ്ച സമർപ്പിച്ചു. എന്നാൽ, തെളിവെടുപ്പ് പൂർത്തിയാകാത്തതിനാൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കഴിഞ്ഞില്ല. ഇതുമൂലമാണ് വ്യാഴാഴ്ച വാദം നടക്കാതെ പോയത്. റിമാൻഡ് റിപ്പോർട്ടിൽ ദിലീപിനെതിരെ പൊലീസ് രേഖപ്പെടുത്തിയ 19 തെളിവിൽ ഏഴെണ്ണവും പ്രതിഭാഗം എതിർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.