കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം താരസംഘടനയായ അമ്മയുടെ ജനറൽ ബോഡിയിൽ ചർച്ച ചെയ്യാതിരിക്കുകയും ഇതിനെ ചോദ്യം ചെയ്ത മാധ്യമപ്രവർത്തകരോട് ചില താരങ്ങൾ ക്ഷുഭിതരാകുകയും ചെയ്തതിൽ പ്രതിഷേധം മുറുകുന്നു. അംഗങ്ങൾ ആരും ഉന്നയിച്ചില്ലെന്ന പേരിൽ വിഷയം ചർച്ച ചെയ്യാതിരുന്ന അമ്മയുടെ നടപടിക്കെതിരെ സിനിമ, രാഷ്ട്രീയ മേഖലകളിലുള്ളവരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ശക്തമായി രംഗത്തുവന്നത്. സംഘടനയുടെ നിലപാട് സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവും ആണെന്നാണ് ആക്ഷേപമുയരുന്നത്.
ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും ധീരതയോടെ മുന്നോട്ടുവന്ന് നിയമത്തിനു മുന്നില്‍ എല്ലാം തുറന്നുപറഞ്ഞ പെണ്‍കുട്ടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന പ്രമേയം ‘അമ്മ’യുടെ ജനറല്‍ ബോഡിയില്‍നിന്ന് ഉണ്ടാകാതിരുന്നത് ഖേദകരമാണെന്ന് സംവിധായകൻ വിനയൻ അഭിപ്രായപ്പെട്ടു. വിലക്ക് നീക്കി തെൻറ വായടപ്പിക്കാമെന്നോ നിലപാടുകളിൽനിന്ന് വ്യതിചലിപ്പിക്കാമെന്നോ ആരും കരുതേണ്ടെന്നും വിനയൻ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇല്ലാത്തതാണ് സിനിമാസംഘടനകളുടെ നിലപാടുകളിൽ പൊതുസമൂഹത്തിന് അതിശയം തോന്നുന്നുണ്ടെങ്കിൽ അതിന് കാരണമെന്നാണ് സംവിധായകൻ ആഷിഖ് അബു പറഞ്ഞു. ‘അമ്മ’യില്‍ അംഗമല്ലാത്തതില്‍ അഭിമാനിക്കുന്നുവെന്നും സംഘടനയുടെ പേര് ‘മലയാളം സിനി പീപ്പിൾ’ എന്ന് മാറ്റണമെന്നും നടനും നിർമാതാവുമായ പ്രകാശ് ബാരെ പറഞ്ഞു. അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് ‘അമ്മ’എന്നാണ് നടൻ ജോയി മാത്യുവിെൻറ ഫേസ്ബുക് പോസ്റ്റ്.
‘അമ്മ’ക്ക് അമ്മ മനസ്സ് അറിയുമോ എന്ന് സംശയമുണ്ടെന്ന് മുൻ മന്ത്രി പി.കെ. ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു. ഇൗ സംശയം മൂലമാകാം വനിത താരങ്ങൾ പുതിയ കൂട്ടായ്മ രൂപവത്കരിച്ചത്. പക്ഷേ, കിട്ടിയ അവസരം ശരിയായി വിനിയോഗിക്കാൻ ‘അമ്മ’ യുടെ യോഗത്തിൽ പങ്കെടുത്തവർക്ക് കഴിഞ്ഞില്ല . അവർ ഒന്നു പൊട്ടിത്തെറിക്കുകയെങ്കിലും ചെയ്തിരുന്നെങ്കിൽ സമൂഹമാകെ അഭിനന്ദിച്ചേനേയെന്നും ശ്രീമതി പറയുന്നു.സ്ത്രീവിവേചനം തങ്ങളുടെ അവകാശമാണെന്ന് ബോധ്യപ്പെടുത്തിയ ‘അമ്മ’ പിരിച്ചുവിട്ട് സ്ത്രീ സമൂഹത്തോട് മാപ്പു ചോദിക്കണമെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു. ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെൻറ്, മുകേഷ്, ഗണേഷ്കുമാർ എന്നിവർ ‘അമ്മ’ ഭാരവാഹിത്വം ഒഴിയണമെന്ന് ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു.
സിനിമയിലെ പുരുഷാധിപത്യം ചോദ്യം ചെയ്യുന്ന സ്ത്രീകൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച സി.പി.എം നേതാവ് എം.എ. ബേബി മലയാള സിനിമയിലെ പുരുഷാധിപത്യം മുമ്പെങ്ങുമില്ലാത്തവിധം ചോദ്യം ചെയ്യപ്പെടുകയാണെന്ന് ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരമൊരു സംഘടന എന്ന ആശയം തന്നെ വിപ്ലവകരമാണ്. സിനിമയിലെ മുൻ തലമുറ ഈ മാറ്റം കാണണമെന്നും ബേബി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.