കൊച്ചി: യുവനടിയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ എതിർകക്ഷികളായ സംവിധായകൻ ജീൻ പോൾ ലാൽ അടക്കമുള്ളവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്.
ജീൻ പോളിന് പുറമെ കേസിലുൾപ്പെട്ട നടൻ ശ്രീനാഥ് ഭാസി, അണിയറ പ്രവർത്തകൻ അനൂപ് വേണുഗോപാൽ, അസി.ഡയറക്ടർ അനിരുദ്ധൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുമ്പാകെ പൊലീസ് ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് നൽകിയത്. എതിർകക്ഷികൾ സമൂഹത്തിൽ ഉന്നത സ്വാധീനമുള്ളവരും സിനിമ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നവരുമാണ്.
ഇവർ ഇതുവരെ അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യമാണ്. സാക്ഷികളും സിനിമ മേഖലയിൽനിന്ന് തന്നെ ഉള്ളവരായതിനാൽ അവരെ സാമ്പത്തികമായി സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ഇടയുണ്ടെന്ന് തൃക്കാക്കര അസി.കമീഷണർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കേസിനാധാരമായ ഹണീ ബീ രണ്ട് സിനിമയുടെ മൂല തിരക്കഥയും മറ്റും തെളിവിലേക്കായി ശേഖരിക്കേണ്ടതുണ്ട്. ഇവരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമായതിനാൽ ജാമ്യം നൽകുന്നതിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശം പ്രചരിക്കാൻ ഇടയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.