തൃശൂര്‍: വിവാദ കേസുകളിലൂടെ ശ്രദ്ധേയനായ അഭിഭാഷകൻ ബി.എ. ആളൂര്‍ ചലച്ചിത്ര മേഖലയിലേക്ക്. നടി ആക്രമിക്കപ്പെട്ട സംഭവം ആസ്പദമാക്കി 'അവാസ്തവം' എന്ന സിനിമ നിര്‍മിക്കുമെന്ന് ആളൂര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പ്രധാന നടൻ, തിരക്കഥ, സംഭാഷണം ആളൂർ. സംവിധാനം സലിം ഇന്ത്യ. നടിയെ ആക്രമിക്കുന്നത് മുതൽ ദിലീപ് ജയില്‍ മോചിതനാവുന്നതുവരെ സിനിമയില്‍ ഉണ്ടാകും. പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത ആളൂർ ആ വേഷം തന്നെ അഭിനയിക്കും.
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയായി ദിലീപ്, പബ്ലിക് പ്രോസിക്യൂട്ടര്‍ മഞ്ചേരി ശ്രീധരന്‍ നായരായി മമ്മൂട്ടി, എ.ഡി.ജി.പി ബി. സന്ധ്യയായി വരലക്ഷ്മി എന്നിവര്‍ അഭിനയിക്കുമെന്ന് ആളൂര്‍ അവകാശപ്പെട്ടു. നടിയായി വിദ്യാ ബാലനോ അനുഷ്‌കാ ഷെട്ടിയോ എത്തും. ഗാനരചന മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ലാല്‍. പത്തു കോടി ചെലവഴിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. ഇതിന് മുന്നോടിയായി നൂറുകോടിയിലേറെ സ്വരൂപിച്ച് ഐഡിയല്‍ ക്രിയേഷന്‍സ് എന്ന നിർമാണ യൂനിറ്റും ഒരുക്കുന്നുണ്ട്. എന്നാൽ നിക്ഷേപകർ ആരെന്ന് പറയില്ല.
സിനിമക്ക് അഞ്ചുകോടി ദിലീപ് വാഗ്ദാനം ചെയ്തിരുന്നു. ഇത് വിവാദമായ സാഹചര്യത്തില്‍ സ്വീകരിക്കില്ല. മുഖ്യപ്രതിയായ പള്‍സർ സുനിയുടെ അഭിഭാഷകനായിരുന്ന താൻ കേസ് വിവാദമായ സാഹചര്യത്തില്‍ പള്‍സറിന് നീതി ലഭിക്കില്ലെന്ന സാഹചര്യത്തിലാണ് വക്കാലത്ത് ഒഴിഞ്ഞത്. ആളൂര്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സംവിധായകന്‍ സലിം ഇന്ത്യയും നടി ശോഭ പണിക്കരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.