മുംബൈ: പാക് അഭിനേതാക്കളെ പിന്തുണച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. യഥാർഥ കുറ്റവാളികളെ കണ്ടെത്താതെ കലാകാരന്മാരെ പഴിചാരുന്നത് നല്ല പ്രവൃത്തിയല്ലെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു. എല്ലാ വിഷയങ്ങളിലും രാഷ്ട്രീയ കലർത്താനുള്ള ശ്രമമാണ് നടക്കുന്നത്. ചലച്ചിത്ര താരങ്ങളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.
എല്ലാ വിഷയങ്ങളുടെയും ഉത്തരവാദിത്വം കലാകാരന്മാരുടെ തലയിലാണ്. ഇത്തരം അജണ്ടകളിൽ എന്തു കൊണ്ട് ഡോക്ടർമാർ, ബിസിനസുകാർ, രാഷ്ട്രീയക്കാർ എന്നിവർ ഉൾപ്പെടുന്നില്ലെന്നും പ്രിയങ്ക ചോദിച്ചു.
ഞാൻ രാജ്യസ്നേഹിയാണ്. രാജ്യരക്ഷക്കു വേണ്ടി സർക്കാർ സ്വീകരിക്കുന്ന ഏത് തീരുമാനത്തെയും അനുകൂലിക്കുന്നു. എന്നാൽ, കലാകാരന്മാർ കുറ്റവാളികളല്ലെന്ന കാര്യം ഒാർമ വേണമെന്നും പ്രിയങ്ക ചോപ്ര വ്യക്തമാക്കി.
ഉറി ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിൽ പാകിസ്താനിൽ നിന്നുള്ള കലാകാരന്മാരെ വിലക്കണമെന്ന ആവശ്യത്തെ എതിർത്തും അനുകൂലിച്ചും നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്. പാക് നടീനടന്മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും സിനിമാ നിര്‍മാതാക്കളുടെ സംഘടനയുടെ അപ്രഖ്യാപിത വിലക്ക് നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.