കസബ വിവാദത്തിൽ സൈബർ ആക്രമണത്തിന് വിധേയയായ നടി പാർവതിക്ക് നേരെ വീണ്ടും ഫേസ്ബുക് പൊങ്കാല. സഹോദരന്‍റെ കസ്റ്റഡി മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിനെ അനുകൂലിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് പാർവതിയെ വ്യക്തിഹത്യ നടത്തുന്ന കമന്‍റുകളുമായി ചിലർ രംഗത്തെത്തിയത്.
അയ്യോ വേണ്ട ചേച്ചിടെ സഹായവും സപ്പോർട്ടുമൊന്നും ആ ചേട്ടനു വേണ്ട... സൈബർ ഗുണ്ടകളെന്ന് പട്ടം തന്ന പ്രമുഖരല്ലാത്ത ഞങ്ങൾ കുറച്ച് പാവം മനുഷ്യരുണ്ട് ആ പ്രമുഖനല്ലാത്ത ചേട്ടന്റെ ഒപ്പം.. പോപ്പ്കോൺ തിന്ന് കളി കണ്ടോളു അല്ലാതെ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ വരണ്ട എന്ന തരത്തിലുള്ള കമന്‍റുകളാണുള്ളത്. ശ്രീജിത്തിനൊപ്പം ഞങ്ങളുണ്ട്. പക്ഷേ, നീ ഒരുമാതിരിപ്പെട്ട ചീമുട്ട വാക്കുകളും മാലിന്യ പദവിന്യാസവും നടത്തി ശ്രീജിത്തിന് കിട്ടുന്ന പിന്തുണ ഇല്ലാതാക്കാതിരുന്നാൽ മതി എന്ന് പറയുന്നതും പാർവതിയെ തെറിവിളിക്കുന്ന കമന്‍റുകളും ഫേസ്ബുക്കിലുണ്ട്.
ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തിൽ നിങ്ങളുടെ കൂടെ നിൽക്കാതിരിക്കാനാവില്ല. സത്യം. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ടു, ഇരുട്ടിൽ നിർത്തപ്പെടരുത്. കൂടപ്പിറപ്പിന്‍റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്നേഹവും- അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളിൽ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്. നമ്മളിൽ പലരും ചൂണ്ടാൻ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങൾ. സ്നേഹം. ബഹുമാനം. ഐക്യം എന്നായിരുന്നു പാർവതിയുടെ ഫേസ്ബുക്ക് കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.