കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട നടൻ ദിലീപ് അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ചതായി പ്രസിഡന്‍റ് മോഹൻലാൽ. കഴിഞ്ഞ പത്താം തീയതി താൻ ആവശ്യപ്പെട്ട പ്രകാരമാണ് രാജിവെച്ചത്. ദിലീപിന്‍റെ രാജി അമ്മക്ക് വേണ്ടി ചോദിച്ചു വാങ്ങിയതാണെന്നും മോഹൻലാൽ വ്യക്തമാക്കി.
അമ്മയിൽ നിന്ന് പുറത്തു പോയവർക്ക് മടങ്ങി വരുന്നതിൽ തടസമില്ല. എന്നാൽ, അംഗത്വം ലഭിക്കുന്നതിന് പുതിയ അപേക്ഷ നൽകണം. സിദ്ദീഖ് വാർത്താസമ്മേളനം നടത്തിയതും ജഗദീഷ് വാർത്താകുറിപ്പ് ഇറക്കിയതും സംഘടനയുടെ അറിവോടെയാണെന്നും മോഹൻലാൽ അറിയിച്ചു.
ഡബ്ല്യൂ.സി.സിയുടെ ആവശ്യങ്ങൾ സംഘടന കൂട്ടായി തീരുമാനിക്കേണ്ട കാര്യമാണ്. എന്നാൽ, മോഹൻലാൽ തീരുമാനിക്കേണ്ട കാര്യമായി അതിനെ മാറ്റി. വ്യക്തിപരമായി തന്നെ ആക്രമിക്കുന്ന തരത്തിലേക്ക് അത് മാറി. സങ്കടമുള്ള കാര്യമാണ്. സംഘടനയുടെ പേരിൽ താനെന്തിന് അടിക്കൊള്ളണമെന്നും മോഹൻലാൽ ചോദിച്ചു.
സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നതിൽ സംതൃപ്തിയില്ല. എല്ലാ അംഗങ്ങൾക്കും എന്നെ ആവശ്യമാണെന്നും പ്രസിഡന്‍റ് പദവിക്ക് മര്യാദ കൊടുക്കണമെന്നും ഉണ്ടെങ്കിൽ മാത്രമേ താൻ തുടരൂം. അല്ലെങ്കിൽ പ്രസിഡന്‍റ് പദവി ഒഴിയുമെന്നും ലാൽ അറിയിച്ചു.
ആക്രമിക്കപ്പെട്ട നടി മാപ്പു പറയണമെന്ന് അമ്മ പറഞ്ഞിട്ടില്ല. വ്യക്തിപരമായ അഭിപ്രായവും ഇതു തന്നെയാണ്. ഡബ്ല്യൂ.സി.സിയുടെ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ജനറൽ ബോഡി യോഗം വിളിക്കില്ല. ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനം എടുക്കാൻ ആവശ്യമായ സമയം വേണമെന്ന് ഡബ്ല്യൂ.സി.സിയെ അറിയിച്ചിരുന്നു. അമ്മയുടെ ജനറൽ ബോഡി യോഗം വിളിക്കാൻ ചില നടപടിക്രമങ്ങൾ വേണമെന്നും ലാൽ പറഞ്ഞു.
നടി, നടന്മാരുടെ സംഘടനയായത് കൊണ്ട് അതിലെ വനിതാ അംഗങ്ങളെ നടിമാർ എന്ന് വിളിക്കുന്നതിൽ തെറ്റില്ല. രേവതി, പത്മപ്രിയ, പാർവതി എന്നിവരുമായി നല്ല ബന്ധമാണ് ഉള്ളത്. എന്നെ എന്തു വേണമെങ്കിലും അവർ വിളിച്ചോട്ടെ, അതിൽ എനിക്ക് പരാതിയില്ല -ലാൽ വ്യക്തമാക്കി.
നടനും കൊല്ലം എം.എൽ.എയുമായ മുകേഷിനെതിരായ മീ ടൂ വെളിപ്പെടുത്തലിൽ ടെസ് ജോസഫ് പരാതി നൽകിയിട്ടില്ല. അമ്മയിൽ അംഗമല്ലെങ്കിലും അലൻസിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് പരാതി നൽകിയാൽ അക്കാര്യവും പരിശോധിക്കും. സംഘടനാ തലത്തിൽ അലൻസിയറിനോട് വിശദീകരണം തേടും. അക്കാര്യത്തിൽ അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമെടുക്കും.
അമ്മ അംഗങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ ശബ്ദരേഖ പുറത്തു പോയത് മോശം കാര്യമാണ്. ഇക്കാര്യം സംഘടന അന്വേഷിക്കുന്നുണ്ട്. മാധ്യമങ്ങൾക്ക് ഇതേകുറിച്ച് അറിയാമെങ്കിൽ വിവരം കൈമാറണം. താൻ സ്ഥാനമേറ്റ ശേഷമാണ് കംപ്ലയിന്‍റ് കമ്മിറ്റി രൂപീകരിച്ചത്. ഐ.സി.സി മാതൃകയിൽ സമിതി രൂപീകരിക്കേണ്ടത് തൊഴിൽ ദാതാക്കളാണ്. സംഘടനക്ക് ഒരു ഔദ്യോഗിക വക്താവിനെ തെരഞ്ഞെടുത്ത് അക്കാര്യം മാധ്യമങ്ങളെ അറിയിക്കുമെന്നും മോഹൻലാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.