ദിലീപിനെതിരെ തെളിഞ്ഞത് ഗൂഢാലോചന

കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് അറസ്റ്റിലായതോടെ തെളിഞ്ഞത് സഹപ്രവർത്തകയോടുള്ള നടന്‍റെ വിരോധം. കേസിൽ പൊലീസിന്‍റെ നീക്കവും വളരെ തന്ത്രപൂർവമായിരുന്നു. ദിലീപിന് പോലും സംശയം വരാത്ത രീതിയിലുള്ള നീക്കമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. കേസിൽ അറസ്റ്റിലായ പൾസർ സുനിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒടുവിൽ സൂപ്പർ താരത്തെ കുടുക്കിയത്. ആക്രമണത്തിനുള്ള പദ്ധതി നേരത്തെ തയാറാക്കിയതായി പൾസർ സുനി പോലീസിനോട് വിവരിച്ചതാണ് കേസിൽ നിർണായകമായത്. നടിക്കെതിരെ സമാനമായ അക്രമണത്തിന് പ്രതികൾ നേരത്തെ രണ്ട് തവണ ഗൂഢാലോചന നടത്തിയതായും പോലീസ് കണ്ടെത്തി. 

2013-ലും കഴിഞ്ഞ വർഷവും സമാന ആക്രമണത്തിന് ഇവർ പദ്ധതിയിട്ടിരുന്നു. രണ്ടുതവണ പദ്ധതിയിട്ടെങ്കിലും ശ്രമം പൊളിഞ്ഞു. വ്യക്തമായ ആസൂത്രണത്തോടെയാണ് മൂന്നാമത് പദ്ധതി നടപ്പാക്കിയത്.

കഴിഞ്ഞ ഫെബ്രുവരി 17നാണ് നടിയെ അങ്കമാലി അത്താണിക്ക് സമീപം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അക്രമം. ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച അക്രമികള്‍ അതിന്‍റെ ദൃശ്യങ്ങളും പകര്‍ത്തിയശേഷം കൊച്ചി കാക്കനാട് ഭാഗത്ത് ഇറക്കിവിട്ടു. തുടര്‍ന്ന്, നിര്‍മാതാവും നടനും സംവിധായകനുമായ ലാലിന്‍റെ വീട്ടില്‍ നടി അഭയം തേടുകയായിരുന്നു. ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്‍റണിക്കൊപ്പമാണ് നടി ലാലിന്‍റെ വീട്ടിലെത്തിയത്. നിര്‍മാതാവ് ആന്‍റോ ജോസഫ്, തൃക്കാക്കര എം.എല്‍.എ പി.ടി. തോമസ് എന്നിവരെ വിവരമറിയിച്ച ലാല്‍ സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. 

Tags:    
News Summary - Dileep arrested conspiracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.