ആലുവ: നടി അക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപ് വീണ്ടും നിയമോപദേശം ലഭിച്ചു. ജയിലിൽ എത്തിയ അഭിഭാഷകനുമായി ദിലീപ് കൂടിക്കാഴ്ച നടത്തുകയും ജാമ്യത്തിനായി ഉടൻ സുപ്രീംകോടതിയെ സമീപിക്കേണ്ടെന്നും തീരുമാനിച്ചു. അന്വേഷണ പുരോഗതി വിലയിരുത്തിയശേഷം മതി അടുത്ത നടപടി എന്നാണു ദിലീപിന് ലഭിച്ച നിയമോപദേശമെന്നാണ് വിവരം. മുതിർന്ന അഭിഭാഷകൻ രാം കുമാറിൻറെ മകൻ അഡ്വ. രാംദാസ്, മറ്റൊരു ജൂനിയർ അഭിഭാഷകൻ എന്നിവരാണ് സന്ദർശിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സന്ദർശനം. ഇരുപത് മിനിട്ടോളം ഇവർ ദിലീപുമായി സംസാരിച്ചു.
ജൂലൈ 10 നാണ് ദിലീപ് അറസ്റ്റിലായത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ഹൈകോടതിയും അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. പ്രതികാര വാഞ്ചക്കായി ലൈംഗികമായി ആക്രമിക്കാൻ ക്വട്ടേഷൻ നൽകുന്നത് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണെന്ന് നിരീക്ഷിച്ചാണ് ഹൈകോടതി ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയത്.
അതിനിടെ, നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ, കാവ്യയുടെ അമ്മ ശ്യാമള എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ടു ഒന്നും തുറന്നുപറയാത്തതിനാൽ കാവ്യയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.