തിയറ്റർ സമരം പിൻവലിച്ചു

കൊച്ചി: നടന്‍ ദിലീപിന്‍െറ നേതൃത്വത്തില്‍ എ ക്ളാസ് തിയറ്റര്‍ ഉടമകളുടെ സമാന്തര സംഘടന നിലവില്‍ വന്നു. ഇതോടെ തിയറ്റര്‍ അടച്ച്  നടത്തിവന്ന അനിശ്ചിതകാല സിനിമസമരം ലിബര്‍ട്ടി ബഷീര്‍ പ്രസിഡന്‍റായ എ ക്ളാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിന്‍വലിച്ചു. ഏകപക്ഷീയമായി പ്രഖ്യാപിച്ച സമരം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടതോടെ ഒറ്റപ്പെട്ട ഫെഡറേഷന് മറ്റു മാര്‍ഗങ്ങളില്ലാതെ വരുകയായിരുന്നു. പുതിയ മലയാള സിനിമകള്‍ ഈമാസം 19 മുതല്‍ തിയറ്ററുകളില്‍ എത്തും. 

പുതിയ സംഘടനയുടെ ചെയര്‍മാന്‍ ദിലീപും വൈസ് ചെയര്‍മാന്‍ ആന്‍റണി പെരുമ്പാവൂരുമാണ്. മറ്റു ഭാരവാഹികളെ അടുത്തയാഴ്ച പ്രഖ്യാപിക്കും. താരസംഘടനയായ ‘അമ്മ’യുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പൂര്‍ണ പിന്തുണയുള്ള പുതിയ സംഘടനക്ക് പേരിട്ടിട്ടില്ല. സംവിധായകരായ സത്യന്‍ അന്തിക്കാട്, സിദ്ദീഖ്, ‘ഫെഫ്ക’ ജന. സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജി. സുരേഷ്കുമാര്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സിയാദ് കോക്കര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ സംഘടനയുടെ രൂപവത്കരണ യോഗം നടന്നത്. 

ഫെഡറേഷനെ പൊളിക്കാനല്ല, നിവൃത്തിയില്ലാതായപ്പോഴാണ് പുതിയ സംഘടന ഉണ്ടാക്കിയതെന്നും സിനിമ രംഗത്ത് ഇനി സമരവും തിയറ്റുകള്‍ അടച്ചിടുന്ന അവസ്ഥയും ഉണ്ടാകരുതെന്നും ദിലീപ് പറഞ്ഞു. ഫെഡറേഷന്‍ വിട്ട് വരുന്നവരെ സംരക്ഷിക്കുമെന്നും തങ്ങളുമായി വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ക്ക് സിനിമ നല്‍കുമെന്നും ജി. സുരേഷ്കുമാര്‍ വ്യക്തമാക്കി. റിലീസിങ്ങുമായി ബന്ധപ്പെട്ട് നിലവില്‍ കരാറുള്ള ചില തിയറ്ററുകള്‍ക്ക് ഇപ്പോള്‍ പുതിയ പടങ്ങള്‍ നല്‍കുമെന്നും ഭാവിയില്‍ പുതിയ സംഘടനയില്‍ അംഗങ്ങളായ തിയറ്റുകളിലേ റിലീസിങ് ഉണ്ടാകൂവെന്നും സിയാദ് കോക്കര്‍ പറഞ്ഞു. പൂര്‍ണ രൂപത്തില്‍ പ്രവൃത്തിപഥത്തില്‍ എത്താന്‍ പുതിയ സംഘടനയെ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും കോര്‍ കമ്മിറ്റി സഹായിക്കും. തിയറ്റര്‍ ഉടമകളായ നിര്‍മാതാക്കളും വിതരണക്കാരും അവരുടെ സംഘടന ഭാരവാഹികളുമാണ് പങ്കെടുത്തവരില്‍ അധികവും. നേരത്തേ ഫെഡറേഷനില്‍നിന്ന് വിട്ടുപോയ തിയറ്റര്‍ ഉടമകളും സന്നിഹിതരായിരുന്നു. 
അതിനിടെ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ഈമാസം 25ന് മന്ത്രി എ.കെ. ബാലന്‍ ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തിലാണ് സമരത്തില്‍നിന്ന് പിന്മാറുന്നതെന്ന് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. പുതിയ സംഘടന രൂപവത്കരണയോഗത്തില്‍ ഫെഡറേഷന്‍െറ രണ്ട് അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. 

Tags:    
News Summary - filim theatre strik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.