കാസര്‍കോട്: ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയുടെ ചിത്രീകരണത്തിനു വേണ്ടി 25 ലക്ഷം രൂപ ചെലവില്‍ മണിയംപാറയില്‍ ഒരുക്കിയ സെറ്റ് ഷൂട്ടിങ് പൂര്‍ത്തിയായാല്‍ പഞ്ചായത്ത് ലൈബ്രറിക്ക്. ഷൂട്ടിങ്ങിന് വേണ്ടി ഒരുക്കിയ ഇരുനില ‘പൊലീസ് സ്റ്റേഷനാ’ണ് നാടിന്‍െറ പിന്നോക്കാവസ്ഥ പരിഗണിച്ച് എന്‍മകജെ പഞ്ചായത്തിന്‍െറ മണിയംപാറയിലെ ലൈബ്രറിക്ക് കൈമാറുന്നത്. ജില്ലയില്‍ ഗ്രാമീണ ഭംഗി തുളുമ്പി നില്‍ക്കുന്ന പ്രദേശമാണ് എന്‍മകജെ. ദരിദ്രരായ ജനവിഭാഗങ്ങളും അധ്വാന ശീലരുമാണ് അധികവും. എന്‍ഡോസള്‍ഫാന്‍െറ കെടുതി ഏറ്റവും ഭീകരമായി ഏറ്റുവാങ്ങിയ ഗ്രാമം ലോകശ്രദ്ധയില്‍ ഇതിനകംപതിഞ്ഞിട്ടുണ്ട്.
അംബികാ സുതന്‍ മാങ്ങാടിന്‍െറ നോവലില്‍ പതിഞ്ഞ ഗ്രാമം നിരവധി കാവുകള്‍ നിറഞ്ഞതാണ്. പഞ്ചായത്തിലെ മണിയം പാറ വിനോദ സഞ്ചാരികളുടെ കേന്ദ്രം കൂടിയാണ്. കന്നട, തുളു, മറാഠി, മലയാളം എന്നീ വിവിധ ഭാഷകള്‍ സംസാരിക്കുന്ന ആള്‍ക്കാരാണ് എന്‍മകജയിലും മണിയംപാറയിലുമുള്ളത്. ഭാഷ കൊണ്ട് വൈവിധ്യങ്ങള്‍ സൃഷ്ടിക്കുന്ന മണിയംപാറയിലേയും എന്‍മകജയിലേയും നാട്ടുകാര്‍ ലൈബ്രറി വരുന്നതിന്‍െറ ആനന്ദത്തിലാണ്. എന്‍ഡോസള്‍ഫാന്‍ വിഷബാധയേറ്റ് പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച ഒരുപാട് കുട്ടികള്‍ എന്‍മകജയുടെ പരിസര പ്രദേശങ്ങളിലുണ്ട്.
ലൈബ്രറിയുടെ വരവോട് കൂടി നാടിന്‍െറ വിദ്യാഭ്യാസപരമായും സാമൂഹികപരമായുള്ള പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് മണിയംപാറയിലെ സാധാരണക്കാര്‍. ഈ കാരണങ്ങള്‍ കൊണ്ടു കൂടിയാണ് ലൈബ്രറി പഞ്ചായത്തിന് കൈമാറുന്നതെന്ന് ചലചിത്രവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. വേണമെങ്കില്‍ പൊളിക്കാന്‍ കരാറുനല്‍കിയാല്‍ കുറച്ച് പണം തിരികെ ലഭിക്കുമായിരുന്നു. അവര്‍ കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് ഷേണി സ്വദേശിയായ അബൂബക്കര്‍ പെരുതണയെന്ന കരാറുകാരനാണ് പൊലീസ് സ്റ്റേഷന്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്. ഇരുപത് ദിവസമായി നിര്‍മാണത്തിലിരിക്കുന്ന പൊലീസ് സ്റ്റേഷന്‍ രണ്ട് ദിവസത്തിനുള്ളില്‍ ചിത്രീകരണത്തിനായി വിട്ട് നല്‍കും. ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. ഉര്‍വശി തിയേറ്ററിന്‍റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം. തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
സജീവ് പഴൂരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ മഹേഷിന്‍റെ പ്രതികാരത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത സൗബിന്‍ ഷാഹിര്‍, അലെന്‍സിയര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാസര്‍കോട് പശ്ചാത്തലമാക്കിയുള്ള ഈ ചിത്രത്തിലെ നായകന്‍ ഒരു സാധാരണക്കാരനാണ്. അയാളുടെ ജീവിതത്തിലുണ്ടാവുന്ന ഒരു പ്രധാന സംഭവത്തെ ചുറ്റിപ്പറ്റിയാണ് സിനിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.