തിരുവനന്തപുരം: ചലച്ചിത്രസപര്യയുടെ നാളുകൾക്ക് ഇന്ന് ‘പാക്കപ്’. രാജ്യാന്തര ചലച്ചിത്രമേളയുടെ ഏഴാം ദിവസം അവസാനിച്ചപ്പോള്‍ നല്ല സിനിമകളുടെ ഓർമകളുമായാണ് ഡെലിഗേറ്റുകൾ വിടപറയുന്നത്. ഇടവും സ്വത്വവും നഷ്ടപ്പെട്ടവരുടെ ജീവിതങ്ങള്‍, സംഘര്‍ഷഭൂമികയില്‍ സ്ത്രീ ശരീരങ്ങളുടെ പ്രതിരോധങ്ങള്‍, കാര്‍ഷിക വിളകളിലെ ജനിതക പ്രശ്നങ്ങളെക്കുറിച്ചുള്ള അന്വേഷണം, നിലക്കാത്ത വിപ്ലവ മുന്നേറ്റങ്ങള്‍ എന്നിങ്ങനെ വൈവിധ്യം നിറഞ്ഞ വിഷയങ്ങളെ ചർച്ചക്കും പഠനത്തിനും തുറന്നുവെച്ചാണ് വെള്ളിയാഴ്ച നിശാഗന്ധിയിൽ മേള മിഴിയടക്കുന്നത്.
വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങ് ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി എ.കെ. ബാലൻ അധ്യക്ഷതവഹിക്കും. വിഖ്യാത റഷ്യൻ സംവിധായകൻ അലക്സാണ്ടർ സൊക്കുറോവിന് സമഗ്രസംഭാവനക്കുള്ള പുരസ്കാരം തോമസ് ഐസക് സമ്മാനിക്കും. മികച്ച രാജ്യാന്തര സിനിമക്കുള്ള സുവർണ ചകോരം, മികച്ച സംവിധായകനും നവാഗത സംവിധായകനും പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന സിനിമക്ക് നൽകുന്ന രജത ചകോരങ്ങൾ, ഫിപ്രസി, നെറ്റ് പാക്, മികച്ച ഏഷ്യൻ ചിത്രത്തിനായുള്ള പുരസ്കാരങ്ങൾ എന്നിവ വിതരണം ചെയ്യും.
വ്യാഴാഴ്ച ആരംഭിച്ച പ്രേക്ഷക വോെട്ടടുപ്പിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓൺലൈൻ വഴിയും മൊബൈൽ ആപ് വഴിയും പകുതിയിലധികം പേരും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. മലയാളത്തിൽനിന്ന് ‘ഏദനും’ ‘രണ്ടുപേരു’മടക്കം 14 ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്. ലാറ്റിനമേരിക്കൻ ചിത്രം കാൻഡലേറിയ, കസാഖ്സ്താൻ ചിത്രം റിട്ടേണി, ഇന്ത്യൻ ചിത്രം ന്യൂട്ടൻ, അർജൻറീനിയയുടെ സിംഫണി ഫോർ അന, ഫ്രെഞ്ച് സിനിമ ഐ സ്റ്റിൽ ഹൈഡ് ടു സ്മോക്, ഇറാൻ ചിത്രം വൈറ്റ് ബ്രിഡ്ജ് തുടങ്ങിയവയൊക്കെ പ്രേക്ഷകരുടെ വിജയപട്ടികയിലുണ്ട്.
വ്യാഴാഴ്ച നടന്ന മേളയുടെ അവസാന ഓപൺ ഫോറത്തിൽ അക്കാദമി ഭാരവാഹികളും ഡെലിഗേറ്റുകളും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നു. നടി സുരഭി ലക്ഷ്മിയെ ക്ഷണിക്കാത്തതിലും മലയാള സിനിമയുടെ 90 വർഷം പറയുന്ന സിഗ്നേച്ചർ ഫിലിമിൽനിന്ന് വിഗതകുമാരനെ ഒഴിവാക്കിയതിലും ഡെലിഗേറ്റുകൾ ശക്തമായി പ്രതിഷേധിച്ചു.
ദേശീയ അവാർഡ് ജേതാക്കളെ ആദരിക്കുന്ന വേദിയല്ല ഐ.എഫ്.എഫ്.കെയെന്നും സുരഭിക്ക് ദേശീയ അവാർഡ് ലഭിച്ചെന്ന കാരണത്താൽ മിന്നാമിനുങ്ങിന് അവസരം കൊടുത്താൽ മോഹൻലാലിന് പ്രത്യേക ജൂറി പരാമർശത്തിന് ഇടയാക്കിയ പുലിമുരുകനും മേളയിൽ കാണിക്കേണ്ടിവരുമെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു. അവസാനദിവസമായ ഇന്ന് കിം കി ഡുക് രചനയും നിർമാണവും നിർവഹിച്ച് ലീ ജു ഹോങ് സംവിധാനം ചെയ്ത എക്സ്കവേറ്റർ അടക്കം 25 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.