തിരുവനന്തപുരം: കുടിയൊഴിപ്പിക്കലും പലായനവും കൊണ്ട് മുറിപ്പെട്ട ദേശങ്ങളോടും വംശീയ കലാപങ്ങളും രക്തച്ചൊരിച്ചിലുകളും അധിനിവേശവും പ്രക്ഷുബ്ധമാക്കിയ മൂന്നാംലോക രാജ്യങ്ങളോടുമുള്ള ഐക്യപ്പെടലിനാകും വെള്ളിയാഴ്ച ഉണരുന്ന കേരളത്തിന്‍െറ 21ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍െറ തിരശ്ശീലകള്‍ സാക്ഷിയാകുക. പോരാട്ടത്തിന്‍െറ തീയും പുകയും ഫ്രെയിമുകളാക്കി, ചോരകള്‍ കൊണ്ട് ഒപ്പിയെടുത്ത്, പറഞ്ഞതും പറയാത്തതും കണ്ടതും കേള്‍ക്കാത്തതുമായ മറ്റൊരു ലോകത്തെ അടയാളപ്പെടുത്തല്‍ കൂടിയാകും ഇനിയുള്ള എട്ട് നാളുകള്‍.
വജ്രകേരളത്തിന്‍െറ 21ാമത് ചലച്ചിത്രമേള നിശാഗന്ധിയിലെ തുറന്ന വേദിയില്‍ വെള്ളിയാഴ്ച വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കും. നടനും സംവിധായകനുമായ അമോല്‍ പലേക്കര്‍ വിശിഷ്ടാതിഥിയായിരിക്കും. ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ചെക്-സ്ലോവാക്യന്‍ സംവിധായകന്‍ ജിറിമെന്‍സിലിന് മുഖ്യമന്ത്രി സമ്മാനിക്കും. ചടങ്ങിനുശേഷം ഉദ്ഘാടന ചിത്രമായ അഫ്ഗാന്‍ സംവിധായകന്‍ നവീദ് മഹ്മൂദിയുടെ ‘പാര്‍ട്ടിങ്’ (റഫ്തന്‍) പ്രദര്‍ശിപ്പിക്കും. മൂന്നാംലോക രാജ്യങ്ങളില്‍ ഏറ്റവും അരക്ഷിതമാക്കപ്പെട്ട അഫ്ഗാനിസ്താനിലെ ജനതയുടെ കുടിയേറ്റത്തെക്കുറിച്ചുള്ളതാണ് ചിത്രം. ഒൗദ്യോഗിക ഉദ്ഘാടനം വൈകീട്ടാണെങ്കിലും രാവിലെ 10 മുതല്‍ വിവിധ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കും.
ലോകത്തിന്‍െറ വിവിധ മുഖങ്ങളെ അടയാളപ്പെടുത്തുന്ന 62 രാജ്യങ്ങളില്‍ നിന്നുള്ള 184 സിനിമകളാണ് ഇക്കുറി മേളയിലത്തെുന്നത്. വിദ്യാര്‍ഥികള്‍ അടക്കം 13,000 സിനിമാസ്വാദകര്‍ക്കായി നിശാഗന്ധിയുള്‍പ്പെടെ 13 തിയറ്ററിലായി 490 പ്രദര്‍ശനങ്ങളാണൊരുക്കിയിരിക്കുന്നത്. അഭയാര്‍ഥിയുടെ ജീവിതത്തെയും മരണത്തെയും ചര്‍ച്ച ചെയ്യുന്ന ‘മൈഗ്രേഷന്‍’ വിഭാഗം കുടിയേറ്റത്തിന്‍െറയും കുടിയിറക്കലിന്‍െറയും രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്. ലിംഗസമത്വത്തെക്കുറിച്ച് ലോകത്തിന്‍െറ വിവിധ കോണുകളില്‍ പല തലങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളിലേക്കും പഠനങ്ങളിലേക്കുമാണ് ‘ജെന്‍ഡര്‍ ബെന്‍ഡര്‍’ വിഭാഗം വെളിച്ചം വീശുന്നത്.
ഇത്തവണത്തെ മേള മുന്‍വര്‍ഷങ്ങളെക്കാള്‍ ശക്തമായ സ്ത്രീസാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകും. ഇന്ത്യ, തുര്‍ക്കി, ഫ്രാന്‍സ്, ജര്‍മനി, ചെക്-സ്ലോവാക്യ, ദക്ഷിണകൊറിയ, മെക്സിക്കോ തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്നായി നിരവധി സ്ത്രീ സംവിധായകരുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനത്തെുന്നുണ്ട്.
മത്സരവിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന നാല് ചിത്രങ്ങളില്‍ രണ്ടെണ്ണം സ്ത്രീ സംവിധായകരുടേതാണ്. മലയാളിയായ വിധു വിന്‍സെന്‍റിന്‍െറ ‘മാന്‍ഹോള്‍’ മത്സരവിഭാഗത്തിലുണ്ട്. ഇതാദ്യമായാണ് ഈ വിഭാഗത്തില്‍ മലയാളി സ്ത്രീ സാന്നിധ്യം. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 15 സിനിമയും ലോകസിനിമാ വിഭാഗത്തില്‍ 81 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
ഇന്ത്യന്‍ സിനിമ ഇപ്പോള്‍, മലയാള സിനിമ ഇന്ന്, ലോക സിനിമ തുടങ്ങിയ വിഭാഗങ്ങളുമുണ്ട്. കസാഖ്സ്താനില്‍നിന്നുള്ള ചിത്രങ്ങളാണ് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍. മിയ ഹസന്‍ ലൗ സംവിധാനം ചെയ്ത ചിത്രങ്ങള്‍ സമകാലിക സിനിമാവിഭാഗത്തിലും വാന്‍ഗോഗ് ഉള്‍പ്പെടെയുള്ള ചിത്രകാരന്മാരുടെ ജീവിതം അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ ‘ലൈഫ് ഓഫ് ആര്‍ട്ടിസ്റ്റ്’ വിഭാഗത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഹോമേജ് വിഭാഗത്തില്‍ ഇറാനിയന്‍ സംവിധായകനായ അബ്ബാസ് കിയരോസ്തമി, ആന്ദ്രേവൈദ, രാജേഷ് പിള്ള, കല്‍പന, കലാഭവന്‍ മണി തുടങ്ങിയവരുടെ ചിത്രങ്ങളുണ്ട്. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി തോമസ് ഐസക് ഫെസ്റ്റിവല്‍ ബുക്ക് മേയര്‍ വി.കെ. പ്രശാന്തിന് നല്‍കി പ്രകാശനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.