ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവ റിലീസ് ചെയ്യുന്നു. 19ന് ജോമോന്‍റെ സുവിശേഷങ്ങളും 20ന് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴും റിലീസ് ചെയ്യാനാണ് നിർമാതാക്കളും വിതരണക്കാരും തീരുമാനിച്ചത്. വിജയ് ചിത്രം 'ഭൈരവാ' സമരത്തിലുള്ള ഫെഡറേഷന്‍ തിയറ്ററുകളെ ഒഴിവാക്കി 200 സ്‌ക്രീനുകളില്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് തീരുമാനം. സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയാറാകുന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെ അംഗങ്ങള്‍ക്ക് സിനിമ നല്‍കിയാണ് നിര്‍മാതാക്കള്‍ ഇരുചിത്രങ്ങളും തിയേറ്ററുകളിലെത്തിക്കുന്നത്.
ഈ സിനിമകളുടെ നിര്‍മ്മാതാക്കളുമായി വിതണക്കാരുടെ സംഘടനയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളും ചര്‍ച്ച നടത്തി. ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷനിലെ 18 ഓളം തിയറ്ററുകള്‍ ഭൈരവാ റിലീസ് ചെയ്തിരുന്നു. ഭൈരവാ റിലീസ് ചെയ്യാമെന്ന് നേരത്തെ കരാര്‍ ചെയ്ത ഫെഡറേഷന്‍ തിയറ്ററുകള്‍ സമരത്തെ തുടര്‍ന്ന് പിന്‍മാറിയതിന് എതിരെ കോംപറ്റീഷന്‍ കമീഷനെ സമീപിക്കുമെന്ന് വിതരണക്കാര്‍ മുന്നറിയിപ്പ് മുഴക്കിയതും ഒരു മാസത്തോളമായിട്ടും സമരത്തിന് പരിഹാരമാകാത്തതും കൂടുതല്‍ തിയറ്ററുകളെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിലവിലുള്ള തിയറ്റര്‍ വിഹിതം നല്‍കുന്ന തിയറ്ററുകള്‍ക്ക് സിനിമ നല്‍കാനാണ് വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും തീരുമാനം.
ഭൈരവ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കിയിരുന്നു. അതേ സമയം ഭൈരവ പ്രദര്‍ശിപ്പിക്കാമെന്നു പറയുകയും പിന്നീട് പിന്മാറുകയും ചെയ്ത തിയേറ്ററുകള്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസു കൊടുക്കുമെന്നു നിര്‍മാതാക്കളും അറിയിച്ചിട്ടുണ്ട്. ചിത്രം പ്രദര്‍ശിപ്പിച്ച തിയേറ്ററുകളിലെ കണക്കുകള്‍ കോടതിക്ക് നല്‍കാനും നിര്‍മാതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.