സെക്സി ദുര്‍ഗ, ന്യൂഡ് എന്നീ ചലച്ചിത്രങ്ങളെ ഐ.എഫ്.എഫ്.ഐയുടെ പനോരമ സെലക്ഷനില്‍ നിന്ന് ഒഴിവാക്കാനുള്ള വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഏകപക്ഷീയമായ ഫാഷിസ്റ്റ് തീരുമാനത്തെ എതിർക്കുന്നുവെന്ന് മലയാള സിനിമാ പ്രവർത്തകർ. ആഷിഖ് ഉൾപ്പെടെയുള്ള ചലച്ചിത്ര സംവിധായകർ സംയുക്ത പ്രസ്താവനയിലൂടെയാണ് കേന്ദ്ര തീരുമാനത്തിനെതിരെ രംഗത്തുവന്നത്.
ഇതുമൂലം 48-ാം അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രങ്ങളുടെ പ്രദര്‍ശനം ഒഴിവാക്കപ്പെടുകയാണ്. സുജോയ്‌ഘോഷിനെ പോലെ ദേശീയ-അന്തര്‍ദ്ദേശീയ രംഗത്ത് പ്രശസ്തനായ, വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അധ്യക്ഷനായ ജൂറിയാണ് സെക്‌സി ദുര്‍ഗയും ന്യൂഡും പനോരമ ചിത്രങ്ങളുടെ ഭാഗമായി തെരഞ്ഞെടുത്തത്. ആ തീരുമാനത്തെ കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. അതിനോടുള്ള പ്രതിഷേധമായി ജൂറി അധ്യക്ഷന്‍ ആ പദവി രാജിെവക്കുക വരെ ചെയ്തു. അഥവാ 2017 ലെ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ ജൂറി അപമാനിതരായി ഇറങ്ങിപ്പോയിരിക്കുന്നു.
അന്തരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട, ഇന്ത്യന്‍ ചലച്ചിത്രമേഖലക്ക് അഭിമാനമാകേണ്ട രണ്ട് ചിത്രങ്ങള്‍ ഒഴിവാക്കപ്പെടുന്നു എന്നതിനപ്പുറത്തേക്ക്, ചലച്ചിത്രമേളയിലേക്ക് ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ നിയമിക്കപ്പെടുന്ന സ്വതന്ത്ര ജൂറിയുടെ, തിരഞ്ഞെടുപ്പിനേയും നിലപാടുകളേയും തീരുമാനങ്ങളേയും ചോദ്യം ചെയ്യുന്ന തികച്ചും ഏകാധിപത്യപരമായ നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ഞങ്ങള്‍ ആ നിലപാടിനെ അപലപിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
ആഷിഖ് അബു, രാജീവ് രവി, ലിജോ പല്ലിശേരി, ദിലീഷ് പോത്തന്‍, ഗീതു മോഹന്‍ദാസ്, റഫീഖ് അഹമ്മദ്, റിമ കല്ലിംഗല്‍, വികെ ശ്രീരാമന്‍, സൗബിന്‍ ഷഹീര്‍, വിധു വിന്‍സന്റ്, ശ്യാം പുഷ്‌കരന്‍, ഫൗസിയ ഫാത്തിമ, ഷൈജു ഖാലിദ്, മധു നീലകണ്ഠന്‍, ബിജിബാല്‍, ഷഹബാസ് അമന്‍, അജിത്കുമാര്‍ ബി, അന്‍വര്‍ അലി, ഇന്ദു വിഎസ്, കമാല്‍ കെ, സൗമ്യ സദാനന്ദന്‍, ആശ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സംയുക്തപ്രസ്താവന ഇറക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.