കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. തൃപ്പൂണിത്തുറ ഉദയംപേരൂർ എം.എൽ.എ റോഡ് അംബേദ്കർ ജങ്ഷൻ സൗപർണിക പാർക്ക് ഏഴാം നമ്പർ വില്ലയിൽ താമസിക്കുന്ന പാലക്കാട് വടവന്നൂർ സ്വദേശി കിരൺ കുമാർ (38)ആണ് പിടിയിലായത്.
ഒമ്പതു വർഷം മുമ്പ് പകർത്തിയ സ്വകാര്യ ചിത്രങ്ങൾ വാട്സ്ആപ്പിലൂടെയും ചില ഓൺലൈൻ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്നതായും ചിത്രങ്ങൾ പുറത്തുവിടാതിരിക്കാൻ 75 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായും നടി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. 2008ൽ പ്രതി നടിയുടെ സുഹൃത്തായിരുന്നപ്പോൾ എടുത്തതാണ് ചിത്രങ്ങൾ. ചിത്രങ്ങൾ എടുത്തത് കിരൺകുമാറാണോ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്.
വിവാഹിതനായിരുന്ന കിരൺകുമാർ ഇക്കാര്യം മറച്ചുെവച്ചാണ് നടിയുമായി സുഹൃദ്ബന്ധം സ്ഥാപിച്ചത്. പിന്നീട് നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോട്ടലിൽ നടിയുടെ സ്വകാര്യചിത്രങ്ങൾ പകർത്തി. ഇക്കാര്യം മനസ്സിലാക്കിയ നടി സൗഹൃദത്തിൽനിന്ന് പിന്മാറി. തുടർന്ന്, ചിത്രങ്ങൾ പുറത്തുവിടാതിരിക്കാൻ ഇയാൾ 75 ലക്ഷം രൂപ ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നതിനാൽ നടിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും നടിയുടെ അമ്മയെ വീട്ടിൽ കയറി ഉപദ്രവിക്കുകയും ചെയ്തു. ഹിൽപാലസ് സ്റ്റേഷനിൽ നടി പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു.
അടുത്തിടെയാണ് വാട്സ്ആപ്പിലൂടെ ചിത്രങ്ങൾ പ്രചരിച്ചത്. സിനിമ രംഗത്ത് െപ്രാഡക്ഷൻ എക്സിക്യൂട്ടിവായിരുന്ന കിരൺകുമാർ ഇപ്പോൾ സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിലെ ജോലിക്കാരനാണ്. ചിത്രങ്ങൾ പകർത്താൻ ഇയാൾ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. എ.സി.പി കെ.ലാൽജി, സി.ഐ എ. അനന്തലാൽ, എസ്.ഐ ജോസഫ് സാജൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. നടിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.